വാഗ്ദാനത്തില്‍ മറ്റ് പദ്ധതികള്‍ പോലും മങ്ങി, മഞ്ജുവാര്യര്‍ വാക്ക് പറഞ്ഞ് പറ്റിച്ചതായി ആരോപണം; വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരത്തിനൊരുങ്ങി ആദിവാസികള്‍

ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്.

വയനാട്: നടി മഞ്ജുവാര്യര്‍ക്കെതിരെ ആരോപണവുമായി വയനാട് പരക്കുനി കോളനിയിലെ ഒരു കൂട്ടം ആദിവാസികള്‍ രംഗത്ത്. വീട് നല്‍കാമെന്ന് പറഞ്ഞാണ് തങ്ങളെ കബളിപ്പിച്ചതെന്ന് അവര്‍ ആരോപിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്.

ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, എന്നാല്‍ നാളിത്ര പിന്നിട്ടിട്ടും ഇതുവരെയും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ലഭിക്കാതെയായെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല.

ഇതോടെയാണ് സമരം ശക്തമാക്കാന്‍ ആദിവാസികള്‍ ഒരുങ്ങുന്നത്. ഫെബ്രുവരി 13 ന് തൃശ്ശൂരിലെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങാനാണ് തീരുമാനമെന്ന് ആദിവാസികള്‍ അറിയിച്ചു. താരം ഇതുവരെയും ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

Exit mobile version