പൊന്നാനി: കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം സര്‍വീസുകളെ ബാധിച്ചുതുടങ്ങുന്നു. പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ദിവസവും റദ്ദാക്കേണ്ടി വരുന്നത് 20 സര്‍വീസുകള്‍. നേരത്തേ 3 ദിവസം കൂടുമ്പോള്‍ 12,000 ലീറ്റര്‍ ഇന്ധനമെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ 5 ദിവസത്തേക്ക് ഇത്രയും ഡീസല്‍കൊണ്ട് സര്‍വീസ് നടത്തേണ്ട സ്ഥിതിയാണ്. പ്രതിസന്ധി മറികടക്കാന്‍ ഓര്‍ഡിനറി സര്‍വീസുകളാണ് കൂടുതല്‍ റദ്ദാക്കിയിരിക്കുന്നത്. തിരൂര്‍-പൊന്നാനി റൂട്ടിലോടുന്ന ചില സര്‍വീസുകളും റദ്ദാക്കിയവയില്‍പെടും. കുറ്റിപ്പുറം-പുതുപൊന്നാനി റൂട്ടിലൂടെ ഓടിച്ചിരുന്ന സര്‍വീസുകള്‍ വെട്ടിക്കുറച്ചത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടും പുനഃസ്ഥാപിച്ചിട്ടില്ല.
അതേസമയം, പൊന്നാനി-പാലക്കാട് വഴിയുള്ള ബസുകളുടെ തിരിച്ചുള്ള സര്‍വീസ് ഗുരുവായൂര്‍ വഴിയാക്കിയത് കനത്ത പ്രതിഷേധത്തെതുടര്‍ന്ന് മാറ്റാന്‍ ധാരണയായി. പാലക്കാട് സര്‍വീസുകള്‍ ഇനിമുതല്‍ എടപ്പാള്‍ വഴി പൊന്നാനിയിലെത്തുമെന്ന് എടിഒ കെബി സാം അറിയിച്ചു. പൊന്നാനിയില്‍നിന്നു പുറപ്പെടുന്ന ബസുകള്‍ക്കു മാത്രമാണു നിലവില്‍ ഡിപ്പോയില്‍നിന്നു ഡീസല്‍ നല്‍കുന്നത്.
ഗതാഗതക്കുരുക്കില്ലാത്ത സമയങ്ങളില്‍ കോടതിപ്പടിവഴി ജന്റം ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എടിഒ കെബി സാം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം പരീക്ഷണ ഓട്ടം നടത്തി. രാവിലെ 8നു മുന്‍പും രാത്രി 7നു ശേഷവുമുള്ള ബസുകള്‍ അങ്ങാടിവഴി ഓടിക്കാനാണു ശ്രമം നടക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഗതാഗതക്കുരുക്കിന്റെ പേരില്‍ പൊന്നാനി അങ്ങാടി വഴി സര്‍വീസ് നടത്താത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. വണ്‍വേ സംവിധാനത്തില്‍ പകല്‍ സമയങ്ങളില്‍ ബസുകള്‍ ഓടിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.