കളക്ടര്‍ ചെയ്തത് 100 ശതമാനം ശരിയാണ്, എംഎല്‍എയുടേത് സംഭവിക്കാന്‍ പാടില്ലാത്ത തെറ്റെന്ന് ഇ ചന്ദ്രശേഖരന്‍; കളക്ടറുടെ നടപടി രാഷ്ട്രീയമായി കാണേണ്ട; കാനം രാജേന്ദ്രന്‍

ഇടുക്കി: മൂന്നാറില്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതനിര്‍മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. സബ് കലക്ടര്‍ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ദേവികുളം സബ് കളക്ടര്‍ അവരുടെ ഉത്തരവാദിത്തമാണ് ചെയ്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അനധികൃത കൈയ്യേറ്റത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു.

മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മാണത്തിനെതിരെ ദേവികുളം സബ് കളക്ടര്‍ രേണു രാജ് അഡ്വക്കറ്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കി. സബ് കളക്ടറെ വ്യക്തിപരമായി അപമാനിച്ച സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. നിയമം ലംഘിച്ചാണെന്ന് പഞ്ചായത്തിലെ നിര്‍മാണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ന് നടക്കുന്ന സിപിഎം ജില്ലാക്കമ്മറ്റിയോഗത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചേക്കും.

Exit mobile version