മൂവാറ്റുപുഴ: ആ വീഡിയോയും കണ്ണുനീരും ദൈവം കണ്ടു. ഫാത്തിമ ഫിദയ്ക്കും അനുജത്തിക്കും ഉമ്മയ്ക്കും ഇനി ദുബായില്‍ ഉപ്പയ്ക്കൊപ്പം താമസിക്കാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ആ ഹൃദയത്തില്‍ തട്ടിയ നൊമ്പരത്തിന്റെ ടിക് ടോക് വീഡിയോ ആണ് ഈ കൊച്ചു കുടുംബത്തിന്റെ കഥ തന്നെ മാറ്റി മറിച്ചത്. വാട്സാപ്പില്‍ പ്രചരിച്ച ഫാത്തിമയുടെ വോയ്സ് മെസേജിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയതായിരുന്നു വീഡിയോ.. പ്രവാസിയായ പേഴയ്ക്കാപ്പിള്ളി കാനാപറമ്പില്‍ കെ ജലാല്‍ ആണ് വോയ്സ് മെസേജിനു വികാര നിര്‍ഭരമായ ദൃശ്യമൊരുക്കിയത്.
എന്നാല്‍ നിമിഷ നേരം കൊണ്ട് വിഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് ജലാലിനെ തേടി ഒട്ടേറെ ഫോണ്‍ വിളികളെത്തി. അഭിനന്ദനങ്ങളോടൊപ്പം ഫാത്തിമയെയും ഉമ്മയെയും ദുബായില്‍ എത്തിക്കാനും ഉപ്പയ്ക്കൊപ്പം താമസിപ്പിക്കാനും ദുബായിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണിക്കാനും സൗകര്യവുമൊരുക്കാമെന്ന വാഗ്ദാനവും പലരും നല്‍കിയിട്ടുണ്ട്. അവധിക്കു നാട്ടിലെത്തിയ ജലാല്‍ മലപ്പുറം കാടാമ്പുഴ ക്ഷേത്രത്തിനു സമീപം പത്തായകല്ലില്‍ മുളഞ്ഞിപ്പുലാന്‍ മുഹമ്മദിന്റെ മകളായ ഫാത്തിമ സിദയെ കണ്ടു. മുഹമ്മദ് രണ്ടര പതിറ്റാണ്ടായി ദുബായില്‍ ജോലി ചെയ്യുകയാണ്.
കുടുംബത്തെ അങ്ങോട്ടു കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പരാധീനത മൂലം സാധിച്ചിട്ടില്ല. ഫാത്തിമയോടും കുടുംബത്തോടും ദുബായിലേക്കു പോകാന്‍ ഒരുങ്ങിക്കൊള്ളാന്‍ പറഞ്ഞിട്ടാണ് ജലാലും കുടുംബവും മടങ്ങിയത്. ഒരു കുട്ടി പിതാവിനോടു ദുബായില്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടു കെഞ്ചുന്ന വോയ്സ് മെസേജ് വാട്സാപ്പിലൂടെയാണ് ജലാലിനും ലഭിക്കുന്നത്.
പ്രവാസ ജീവിതത്തിന്റെ ഉള്ളലയ്ക്കുന്ന ആവിഷ്കാരമായിരുന്നു ആ വീഡിയോ തുടക്കത്തില്‍ രണ്ടു മാസം ആടിനെ മേയ്ക്കുന്ന ജോലി ചെയ്ത അനുഭവം ഉള്ളതിനാല്‍ ദൃശ്യങ്ങള്‍ പ്രവാസികളുടെ മാത്രമല്ല എല്ലാ നന്മ മനസുളുടേയും കണ്ണുനിറച്ചു. ക്യാമറ, എഡിറ്റിങ്, അഭിനയം എല്ലാം സ്വന്തമായി ചെയ്ത വിഡിയോ സെല്‍ഫി ദൃശ്യങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്.
മക്കയില്‍ ഖുബ്ബൂസ് കച്ചവടം ചെയ്യുന്ന ജലാല്‍ ജോലിക്കിടയില്‍ ലഭിച്ച ചെറിയ ഇടവേളകള്‍ ഉപയോഗപ്പെടുത്തിയാണ് ആടു മേയ്ക്കുന്ന സ്ഥലം കണ്ടെത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.
Discussion about this post