തിരുവനന്തപുരം: ഫാ.നെല്‍സണിനെതിരെ പീഡന പരാതി നല്‍കിയ യുവതിക്ക് ഭീഷണി. സിഎസ്‌ഐക്ക് കീഴിലുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള പുനരധിവാസകേന്ദ്രം മാനേജര്‍ ആണ് വൈദികന്‍ . യുവതിയും ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തനിക്കെതിരെ ഭീഷണിയും സമ്മര്‍ദ്ദവും വൈദികന്‍ ചെലുത്തുന്നുണ്ടെന്നും 46കാരി പോലീസിനോട് പറഞ്ഞു.
ഫെബ്രുവരി 7നായിരുന്നു വൈദികനെതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തിയത്. ഇതിന് മുന്‍പ് ജനുവരി 28ന് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പരാതിയുമായി പോലീസിനെ സമീപിക്കരുതെന്ന് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വൈദികന്റെ അടുപ്പകാരായ നിരവധി ആളുകള്‍ ശ്രമിച്ചു. ഇതിന് വിസമ്മതിച്ചപ്പോള്‍ ജോലിയില്‍ നിന്നും തന്നെ സസ്പെന്‍ഡ് ചെയ്തുവെന്ന് യുവതി ആരോപിച്ചു. തുടര്‍ന്ന് പരാതിയുമായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സമീപിച്ചു. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.
അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും പറയപ്പെടുന്നു. ഇപ്പോഴത്തെ സിഎസ്‌ഐ ഭരണസമിതിയും ബിഷപ്പും തമ്മിലുള്ള വൈരാഗ്യമാണ് ഇതിന് പിന്നില്‍ എന്നും പറയുന്നു.
Discussion about this post