തൃശ്ശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗൃഹപ്രവേശന്തതിനിടെ ഇടഞ്ഞോടിയ ആന തെച്ചിക്കോട്ട് രാമചന്ദ്രനെ വനം വകുപ്പ് പതിനഞ്ച് ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കി. കഴിഞ്ഞ ദിവസം ഇടഞ്ഞ തെച്ചിക്കോട്ട് രാമചന്ദ്രന് രണ്ടുപേരെ ചവിട്ടിക്കൊന്നിരുന്നിരുന്നു. ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന് ശേഷം മാത്രമെ ഈ ആനയെ ഇനി എഴുന്നള്ളിപ്പിന് അനുവദിക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം.
അമ്പത് വയസിലേറെ പ്രായമുളള തെച്ചിക്കോട് രാമചന്ദ്രന് കാഴ്ച്ചയ്ക്ക് തകരാറുണ്ട്. ആനയുടെ വൈദ്യപരിശോധന എഴുന്നെള്ളിപ്പിന് 15 ദിവസം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. മദപ്പാടിന്റെ ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ അന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരളുന്ന അവസ്ഥയുണ്ടെന്നാണ് നിഗമനം.
ആനയെ പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ആരോഗ്യപരിശോധന നടത്തി സോഷ്യല്‍ ഫോറസ്റ്ററി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ശേഷം മാത്രമെ പുറത്തേയ്ക്ക് കൊണ്ടു പോകാനാകൂ. പരിശോധനയ്ക്കായി ആനചികിത്സാ വിദഗ്ധരുടെ പ്രത്യേക പാനല്‍ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം രൂപീകരിക്കും. തൃശ്ശൂര്‍, പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. ആനയ്ക്ക് അഞ്ച് പാപ്പാന്മാരാണ് ഉളളത്.
Discussion about this post