കണ്ണൂര്‍: പട്ടിയുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തിച്ച വിദ്യാര്‍ത്ഥിക്ക് ചികിത്സ നിഷേധിച്ച് മാഹി സര്‍ക്കാര്‍ ആശുപത്രി. കേരലത്തിലുള്ളവര്ക്ക് ചികിത്സ നല്‍കാനാവില്ലെന്ന് ഉന്നതാധികാരികളുടെ ഉത്തരവുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കേരളത്തിനകത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശവും പുതുച്ചേരി ഭരണത്തിന് കീഴിലുള്ള പ്രദേശവുമായ മാഹിയിലെ ആശുപത്രി മുമ്പും ഇത്തരം വിവാദങ്ങളില്‍പെട്ടിട്ടുണ്ട്.
പട്ടികടിച്ച വേദനയില്‍ പുളയുന്ന വിദ്യാര്‍ത്ഥിയെ പിന്നീട് 10 കിലോമീറ്റര്‍ അകലെയുള്ള തലശേരിയിലെത്തിച്ചാണ് ചികിത്സ നല്‍കിയത്. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ അനില്‍കുമാറിന്റെ മകന് അവിനാഷിനാണ് മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് മാഹിയിലെ തന്നെ ചാലക്കര എക്സല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ അവിനാഷിന് പട്ടി കടിയേല്‍ക്കുകയായിരുന്നു.
മാഹിയിലെ ജനറല്‍ ആശുപത്രിയിലെത്തിച്ച വിദ്യാര്‍ത്ഥിയുടെ മുറിവ് പോലും കെട്ടാന്‍ തയ്യാറാകാതെ ഡോക്ടര്‍ മുഖം തിരിച്ചെന്ന് അനില്‍ കുമാര്‍ പറയുന്നു. ഏഷ്യനെറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന് മാഹിയിലാണ് പഠിക്കുന്നത് എന്നെല്ലാം പറഞ്ഞിട്ടും ഡോക്ടര്‍ ഒരു കനിവും കാണിച്ചില്ലെന്ന് അനില്‍കുമാര്‍ പറയുന്നു.
ഈ വിഷയങ്ങള്‍ എല്ലാം വിശദീകരിച്ച് പ്രജിത്ത് കുമാര്‍ എന്ന മാഹി സ്വദേശി ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം മാഹി ആശുപത്രിയിലെ ഡോക്ടറുടെ പെരുമാറ്റത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രജിത്ത് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മാഹി ഗവൺമെന്റ് ആശുപത്രിയാണ് ചിത്രത്തിലുള്ളത് .
പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി ഇന്ത്യയുടെ ഭാഗമാണോ അതല്ല ഭാഗമാണെങ്കിൽ കേരളം എന്ന സംസ്ഥാനത്തെ മാഹിയിലെ ഭരണാധികാരികൾ ഇന്ത്യയുടെ ഭാഗമായി കാണുന്നുണ്ടോ എന്നതാണ് ഇപ്പോഴുള്ള സംശയം .
മാഹി ആശുപത്രിയിലെ ചികിൽസയുമായി ബന്ധപ്പെട്ട് ഇത്തരം സംശയം ആദ്യമായല്ല ഉണ്ടാകുന്നത് . ഏറെക്കാലമായി ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് അപകടകരമായ പ്രാദേശികവാദം നിലനിന്നിരുന്ന ഒരു പ്രദേശമാണ് മയ്യഴി . ആകെ ഒമ്പത് ചതുരശ്ര കിലോമീറ്ററിൽ കേരളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മാഹി ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് ശത്രുതാപരമായ നിലപാടായിരുന്നു കേരളത്തിലെ ജനങ്ങളോട് നാളിതുവരെ ചെയ്ത്പോന്നിരുന്നത് .
ഏറെ ജനപ്രീതിയുള്ള ഡോ. രാമചന്ദ്രൻ മാസ്റ്റർ Dr V Ramachandran MLA ജനപ്രതിനിധിയായതിന്ശേഷം അതിന് അറുതി വരും എന്നായിരുന്നു പ്രതീക്ഷിച്ചത് നിർഭാഗ്യവശാൽ രാമചന്ദ്രൻ മാസ്റ്ററോട് രാഷ്ട്രീയ പകയുള്ള പോണ്ടിച്ചേരി ഭരണാധികാരികളും മാസ്റ്ററുടെ താൽപര്യ സംരക്ഷകരെന്ന് വ്യാജേന അദ്ദേഹത്തോടൊപ്പം ചേർന്ന ചിലരും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ മാറ്റത്തിന് കോടാലി കൈയായി മാറുന്നു എന്നാണ് സംശയിക്കേണ്ടത് .
പണ്ടൊക്കെ കേരളീയർ മാഹിയിൽ ചികിൽസ തേടാൻ വരുമ്പോൾ ഓ പി ടിക്കറ്റിൽ പേരും സ്ഥലവും കുറിക്കുന്നതിനൊപ്പം കേരളീയനാണ് എങ്കിൽ ടിക്കറ്റിന്റെ ഒരു കോണിൽ K എന്നും അല്ലെങ്കിൽ P എന്നും ഒരു റൗണ്ട് ഇട്ട് അടയാളപ്പെടുത്തും . ഡോക്ട്ടറെ കണ്ടതിന് ശേഷം മരുന്നിനായി ഫാർമസിയിൽ എത്തിയാൽ K ക്കാരന് മരുന്ന് ലഭിക്കുക പ്രയാസകരമാകും മിക്കതും പുറമേ നിന്നും വാങ്ങേണ്ടി വരും . ഇങ്ങനെ പല വിധത്തിലുള്ള തൊട്ടുകൂടായ്മയും കേരളകാരോട് മാഹി ഭരണാധികാരികൾ കാലങ്ങളായി ചെയ്ത് കൊണ്ടിരിക്കുന്നതാണ് . ഇപ്പോൾ ഏറ്റവും ഒടുവിലായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും സി പി ഐ എം ന്യൂമാഹി ലോക്കൽ കമ്മിറ്റി അംഗവുമായ കെ അനിൽകുമാറിന്റെ Anil Kumar New Mahe മകൻ അവിനാഷിനാണ് ചികിൽസ നിഷേധിച്ചിരിക്കുന്നത് .
ഇന്നലെ വൈകുന്നേരമാണ് മാഹിയിലെ തന്നെ ചാലക്കര എക്സൽ സ്കൂളിലെ അവിനാഷിനെ പട്ടികടിക്കുന്നത് . പട്ടിയുടെ കടിയേറ്റ് നിലവിളിക്കുന്ന കുട്ടിയെയും കൂട്ടി അനിൽകുമാറും നാട്ടുകാരും തൊട്ടടുത്ത ആശുപത്രിയായ മാഹി ഗവൺമെന്റ് ഹോസ്പ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. ക്വഷ്യാലിറ്റിയിൽനിന്നും നഴ്സ് പ്രാധമിക പരിശോധന നടത്തുകയും തുടർന്ന് വിദ്ധക്ത പരിശോധനക്കും ഇഞ്ചക്ഷൻ വെക്കുവാനുമായി ഡോക്ട്ടറെ സമീപിച്ചപ്പോഴാണ് രോഗിയുടെ പേരും ഊരും ചോദിച്ച് കേരളക്കാർക്ക് ഇവിടെ ഇതിനുള്ള മരുന്നില്ല എന്ന് ഡോക്ട്ടർ മിഥുൻ പറയുന്നത് !!
നിലവിളിക്കുന്ന കുഞ്ഞുമായി അനിൽകുമാർ ഡോക്ട്ടറുമായി ഏറെ തർക്കിക്കേണ്ടി വന്നു .
ചികിൽസ നിഷേധിക്കുന്നത് നിയമപരമായും മാനുഷികപരമായും അതിലെല്ലാമുപരി ഒരു ഇന്ത്യൻ പൗരന്റെ റൈറ്റാണ് എന്നൊക്കെ പറഞ്ഞിട്ടും ചികിൽസിക്കാനോ ഇഞ്ചക്ഷൻ നൽകുവാനോ ഡോക്ടർ മിഥുൻ തയ്യാറായില്ല.
മാഹിക്കാരനല്ല എന്ന സാങ്കേതികത്വം പറയുമ്പോൾ തന്നെ അനിൽകുമാറിന്റെ സഹോദരി പോണ്ടിച്ചേരി ജിഗ്മർ മെഡിക്കൽ കോളേജിലെ സീനിയർ നേഴ്സാണെന്നും മറ്റൊരു സഹോദരി മാഹി സ്വദേശിയാണെന്നും പട്ടി കടിയേറ്റ മകൻ പഠിക്കുന്നത് മാഹിയിലാണെന്നും കടിച്ച പട്ടി മാഹി അതിർത്ഥിയിനിന്നാണ് കടിച്ചെതെന്നും പറഞ്ഞതൊന്നും ആ ദുഷ്ട്ടനായ ഡോക്ട്ടറുടെ സാങ്കേതികത്വം മറികടക്കുന്നതായില്ല . ( സാങ്കേതികത്വത്തിന് ഒരു ന്യായീകരണമില്ലെങ്കിലും )
തുടർന്ന് കുട്ടിയുമായി തലശ്ശേരി ഹോസ്പ്പിറ്റലിൽ എത്തുകയും ചികിൽസ തേടുകയുമാണ് ഉണ്ടായത് . തലശ്ശേരിയിലെ ഡോക്ടർ പരിശോധിക്കുന്നതിനിടയ്ക്ക് മാഹിയിൽ പോയതും ചികിൽസ നിഷേധിച്ചതും മനസിലാക്കുകയും ഈയടുത്ത കാലത്തായി നിരവധി ഈസ്റ്റ് പള്ളൂർ ( മാഹി തന്നെ ) സ്വദേശികൾക്ക് പട്ടി കടിച്ചതിന്റെ ഭാഗമായി തലശ്ശേരി ഹോസ്പിറ്റലിൽ ചികിൽസ നൽകിയ കാര്യവും അദ്ദേഹം പറയുകയുണ്ടായി .
പാക്കിസ്ഥാനിലെ പെൺകുട്ടിക്ക് ഇന്ത്യയിൽ ഹൃദയശസ്ത്രക്രിയ ചെയ്ത വാർത്ത കേൾക്കുമ്പോൾ മനുഷ്യസ്നേഹത്തിന്റെ കണ്ണുനീർ നനവ് പറ്റിയ ഇന്ത്യകാരരാന്റ മുന്നിലാണ് മനുഷ്യത്വം മരവിച്ച ഒരു ഡോക്ടറുടെയും അധികാരികളുടെയും വാർത്തയെത്തുന്നത് !
ഇത് ഏതൊരു മനുഷ്യനും ലജ്ജയോടെയെ കാണാനാകൂ .
മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ – നിയമപരമായി നൽകപ്പെടേണ്ട ചികിൽസയ്ക്ക് മാഹി കേരള അതിർത്തി നിശ്ചയിക്കുന്ന മാഹിയിലെ ഡോക്ട്ടർമാരെയും ഭരണാധികാരികളെയും മാഹിയിലെ യുവജന പ്രസ്ഥാനങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിശിഷ്യാ സാദാ ജനങ്ങൾ തന്നെ തിരുത്തേണ്ടതുണ്ട് .
മാഹി എന്ന ചക്കച്ചെത്തുപോലുള്ള ഭൂമിയിലെ മനുഷ്യർക്ക് ഒരു കടുത്ത പനി വന്നാൽ eപാലും കേരളത്തിലെ ആശുപത്രികളെയാണ് ആശ്രയിക്കേണ്ടത് മാത്രമല്ല രോഗം മൂർജിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാൽ ഒരു കേരളീയനും നിങ്ങളുടെ ആധാർ കാർഡ് പരിശോധിക്കില്ല അതിന്റെ ഭാഗമായി ചികിൽസയും നിഷേധിക്കപ്പെടില്ല .
ചികിൽസയ്ക്ക് പോലും അതിര് നിർണ്ണയിക്കുന്ന ശുനകപുത്രരേ മയ്യഴിയുടെ വിമോചന പോരാട്ടത്തിൽ ജീവൻ നൽകേണ്ടിവന്ന രണ്ടേ രണ്ടു പേരും ജന്മം കൊണ്ട് കേരളിയരായിരുന്നു എന്ന ചിരിത്രം നിങ്ങൾ മറക്കരുത് .
മലയാളികൾ നെഞ്ചേറ്റിയ മയ്യഴിയുടെ കഥാകാരാ മുകുന്ദേട്ടാ Maniyambath Mukundan അതിരുകളില്ലാതെ നിങ്ങളെ നെഞ്ചേറ്റിയവരാണ് കേരളീയർ നിങ്ങളെ അംഗികരിക്കുന്നതിൽ കേരളീയന് അതിരുകൾ വിഷയമായിരുന്നില്ല മാഹി ആശുപത്രിയിൽ നടക്കുന്ന ഇത്തരം കാടത്തത്തിനെതിരെ നിങ്ങളെ പോലുള്ള മനുഷ്യ സ്നേഹികൾ രംഗത്ത് വരണം .
ഇത് തുടർന്ന് കൂടാ .
Discussion about this post