കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടായാല്‍ രക്തം വീഴ്ത്തിയോ മൂത്രം ഒഴിച്ചോ നട അടപ്പിക്കുയായിരുന്നു ഞങ്ങളുടെ ശ്രമമെന്ന പ്രസ്താവനയില്‍ നിന്ന് മലക്കംമറിഞ്ഞ് രാഹുല്‍ ഈശ്വര്‍.
ശബരിമലയില്‍ യുവതികളെയും ഫെമിനിസ്റ്റുകളെയും എങ്ങനെയെങ്കിലും അടുത്ത പത്തു ദിവസത്തിനുള്ളില്‍ കയറ്റി നവംബര്‍ 13ന് പരിഗണിക്കുന്ന കേസ് തോല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്, അതിന്റെ ഭാഗമായിട്ടാണ് തന്റെ വാക്കുകളെ വളച്ചൊടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ രാജ്യദ്രോഹിയാക്കി മാറ്റിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഇതിനായി ഒരു സംഘം തയാറായി നിന്നിരുന്നു. വരും ദിവസങ്ങളിലും നട തുറക്കുമ്പോള്‍ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നുമാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.
രാഹുല്‍ ഈശ്വറിന്റെ ഈ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. ശബരിമലയില്‍ ചോര ഒഴുക്കാന്‍ പദ്ധതി ഇട്ടത് രാജ്യദ്രോഹമാണെന്നാണ് അദ്ദേഹം പറഞ്ഞു. പോലീസിന്റെ കൃത്യമായ ഇടപെടലാണ് വലിയൊരു പ്രതിസന്ധിയില്‍ നിന്നും ശബരിമലയെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വറിന്റെ മലക്കം മറിച്ചില്‍.