കോട്ടയം: ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിനെ തള്ളി ജലന്ധര്‍ രൂപത. ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് ജലന്ധര്‍ രൂപത പിആര്‍ഒ പത്രക്കുറിപ്പ് ഇറക്കി.കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം മരവിപ്പിച്ചുകൊണ്ട് ജലന്ധര്രൂപത അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആഗ്നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചതിനെ പിന്നാലെയാണ് പിആര്‍ഒയുടെ പത്രക്കുറിപ്പ്. കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ രൂപത അധ്യക്ഷന്‍ ഇടപെടാറില്ലെന്നും, ഇടപെടല്‍ അസ്വാഭാവികമാണെന്നും ജലന്ധര്‍ രൂപത പിആര്‍ഒ പീറ്റര്‍ കാവുംപുറം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ല.കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ രൂപതാ അധ്യക്ഷന്‍ ഇടപെടാറില്ല. കൗണ്‍സിലിനും മദര്‍ ജനാറാളിനുമാണ് അധികാരം.കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ല. കന്യാസ്ത്രീകളെ അവരവരുടെ മഠത്തിലേക്ക് തിരികെ വിളിക്കുകയാണ് ചെയ്തത്. അനുവാദമില്ലാതെയാണ് കന്യാസ്ത്രീകള്‍ കുറവിലങ്ങാട്ടേക്ക് പോയതെന്നും രൂപത പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് കോടതിയാണ് തീര്‍പ്പാക്കേണ്ടതെന്നും വാര്‍ത്താക്കുറിപ്പില്‍ ജലന്ധര്‍ രൂപത പറയുന്നു.
ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ പിന്തുണച്ച കന്യാസ്ത്രീകളെ കുറവിലങ്ങാട് മടത്തില്‍ നിന്ന് സ്ഥലംമാറ്റിക്കൊണ്ട് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകള്‍ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ക്ക് പരാതി നല്കി. ഇതേത്തുടര്‍ന്നാണ് സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്റര്‍ ആഗ്നലോ ഗ്രേഷ്യസ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിഷപ്പിനെതിരായ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംവരെ കുറവിലങ്ങാട് മഠത്തില്‍ തന്നെ കന്യാസ്ത്രീകള്‍ക്ക് തുടരാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് തള്ളിയാണ് ജലന്തര്‍ രൂപത രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post