കണ്ണൂര്‍: വിവാഹപരസ്യം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെതിരേ കേസെടുത്തു. കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശിനി ജൂബി ജോസഫിന്റെ പരാതിയില്‍ ജോസ്ഗിരിയിലെ റോബിന്‍ തോമസിനെതിരേയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്.
പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ അനൂപും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ജൂബിയും അടുത്തിടെയാണ് വിവാഹിതരായത്. വിവാഹ പരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേര്‍ത്ത് ഇരുവര്‍ക്കുമെതിരേ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയായിരുന്നുവെന്നാണ് പരാതി.
‘പെണ്ണിനു വയസ് 48, ചെക്കന് വയസ് 25, പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവന്‍, 50 ലക്ഷം, ബാക്കി പുറകെ വരും’ എന്ന കമന്റോടുകൂടിയാണ് ഇയാള്‍ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചാരണം നടത്തിയതെന്നും ജൂബി പരാതിയില്‍ പറയുന്നു.
നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. യുവതി പരാതി നല്‍കിയതോടെ പലരും ഷെയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു. കേസ് വരുമെന്ന ഭീതിയില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഇവരെ പുറത്താക്കുകയും ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തിട്ടുമുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ എല്ലാവരെയും കണ്ടെത്താന്‍ ശ്രമിക്കുകയാണ് പോലീസ്.
ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷ്, എസ്ഐ സി. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസ് തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് രണ്ടുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.