തിരുവനന്തപുരം: കുംഭമാസ പൂജക്ക് ശബരിമല നട തുറക്കുമ്പോള്‍ സ്ത്രീകള്‍ എത്തുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്. ദക്ഷിണമേഖല എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ 3,000 പോലീസുകാരെ വിന്യസിക്കും. തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതലയുള്ള മനോജ് ഏബ്രാഹാമും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പികെ മധു, കോട്ടയം എസ്പി ഹരിശങ്കര്‍, പോലീസ് ആസ്ഥാനത്തെ സ്‌പെഷല്‍ സെല്‍ എസ്പി വി അജിത് എന്നിവരും സംഘത്തിലുണ്ടാകും. കുംഭമാസ പൂജകള്‍ക്കായി ഈ മാസം 12 നാണ് നട തുറക്കുന്നത്.
നട തുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ സന്ദര്‍ശനം എത്തിയേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്.
നേരത്തെ ഏതാനും യുവതികള്‍ ശബരിമലയിലെത്തുകയും അവര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നട തുറക്കാനിരിക്കേ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സംഘടനകളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.