കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്കിയ പീഡനക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ സിസ്റ്റര്‍മാര്‍ക്ക് അനുമതി. ജലന്ധര്‍ രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ഇക്കാര്യം അറിയിച്ചതായി സമരത്തിന്നേതൃത്വം നല്കുന്ന സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. കോട്ടയത്ത് നടക്കുന്ന സേവ് ഔവര്‍ സിസ്റ്റേഴ്സ് പ്രതിഷേധ കണ്‍വെന്‍ഷനിലാണ് സിസ്റ്റര്‍ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്.
സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീമാരെ സ്ഥലം മാറ്റിയതിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീമാരെ ജലന്ധര്‍ ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയായിരുന്നു സഭയുടെ പ്രതികാരനടപടി.
എന്നാല്‍ നടപടി വന്‍ വിവാദമായതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് തല്ക്കാലം രൂപതാ അഡ്മിനിസ്ട്രേറ്റര്‍ മരവിപ്പിച്ചത്. കേസ് അവസാനിപ്പിക്കുന്നത് വരെ മഠത്തില്‍ തുടരാമെന്ന് അറിയിച്ചതായും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.
ഇതിനിടെ കണ്വെന്ഷന് വേദിയ്ക്ക് മുന്നില്‍ ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ വന്‍ പ്രതിഷേധം നടത്തുകയാണ്. കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നാല്‍ സ്ഥലത്ത് ഉന്തും തള്ളും സംഘര്ഷവുമായതോടെ പോലീസെത്തി പ്രതിഷേധക്കാരെ മാറ്റി. കുറവിലങ്ങാട് മഠത്തില്‍ നിന്ന് സിസ്റ്റര്‍ ജോസഫൈന്, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ നീനു റോസ് എന്നിവരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.
Discussion about this post