തൃശ്ശൂര്‍; സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും ജീവിതം യാചകനായി തീര്‍ന്ന കൃഷ്ണന്റെ കഥ ഇങ്ങനെ… ഏക്കറുകണക്കിനു നെല്‍വയലുണ്ടായിരുന്ന കുടുംബത്തില്‍ ജനിച്ച കൃഷ്ണന് ഇപ്പോള്‍ തൃശ്ശൂര്‍ നഗരത്തിലെ തെരുവില്‍ ഒരു യാചകന്റെ രൂപത്തില്‍ കഴിയാന്‍ തുടങ്ങിയിട്ടു പത്തുവര്‍ഷമായി.
എറണാകുളം ജില്ലയിലെ മരട് എന്ന സ്ഥലത്തായിരുന്നു കൃഷ്ണന്റെ വീട്. മൂന്നു മുറിയും അടുക്കളയും വലിയ പത്തായവുമുള്ള വലിയ വീട്. ഭൂപരിഷ്കരണം വന്നപ്പോള്‍ സ്ഥലമൊക്കെ സര്‍ക്കാരിനു കൊടുത്തു. ശേഷം 26 സെന്റ് സ്ഥലത്ത് വീടും ഇത്തിരി സ്ഥലവുമായി ഒതുങ്ങി. അച്ഛന് ആദ്യഭാര്യയിലുണ്ടായ മകനും കുടുംബവും ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട് കൃഷ്ണന് പറയുന്നു.
അഞ്ചാംക്ലാസ് പാസായി വീട്ടില്‍ നില്ക്കുന്ന സമയത്താണ് കൃഷ്ണന് ആദ്യമായി തൃശ്ശൂരിലേക്ക് വണ്ടി കയറിയത്. വീട്ടുകാരറിയാതെ കൂട്ടുകാരൊപ്പം തീവണ്ടി കയറി. ടിക്കറ്റ് ചെക്കര്‍ വന്നപ്പോള്‍ ഓടി രക്ഷപ്പെട്ടു. അന്ന് മുതല്‍ തനിച്ചായതാണ് കൃഷ്ണന്.
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി. ഒന്നുരണ്ടു ദിവസം അവിടെയും പരിസരത്തുമായി അലഞ്ഞു. പിന്നെ യാത്രക്കാരുടെ പെട്ടി മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്കും തിരിച്ചും ചുമക്കുന്ന ജോലി തുടങ്ങി. കുറച്ചു നാള് അങ്ങനെ ജീവിച്ചു. ജയ്ഹിന്ദ് മാര്‍ക്കറ്റിലും ചുമടെടുത്തു. വീടിനെക്കുറിച്ചോര്ത്തപ്പോള് തിരിച്ചു പോയി. നാട്ടില്‍ തിരികെയെത്തിയതിനു ശേഷം അച്ഛനെ കൃഷിപ്പണികളില്‍ സഹായിച്ചു. മുന്‍പ് സ്വന്തം പറമ്പിലെ നെല്ല് കൊണ്ടു പറ നിറച്ചിരുന്ന അച്ഛനും ഞാനും കൂലിപ്പണിക്കു പോയി കിട്ടുന്ന നെല്ല് പത്തായത്തില് കൊണ്ടിടും. പത്തായം നിറഞ്ഞു കണ്ടില്ല. അച്ഛന്റെ കണ്ണു നിറഞ്ഞതു കാണുകയും ചെയ്തു പലവട്ടം. പിന്നെ അവിടെ നിന്നില്ല. വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ കപ്പലില്‍ വരുന്ന കല്‍ക്കരി ചുമക്കുന്ന ജോലിക്കു പോയി. കഷ്ടപ്പാടുള്ള പണിയായിരുന്നെങ്കിലും കൂലി കിട്ടുമായിരുന്നു. ഒരിക്കല്‍ തൊഴിലാളി പ്രകടനം നടത്തുന്നതിനിടെ വീണു പരുക്കേറ്റു. അതോടെ ആ പണിവിട്ടു.
പിന്നീട് കോഴിക്കോട്ടെത്തി ആക്രിക്കച്ചവടം നടത്തി. പിന്നെ കൃഷി പണി ചെയ്യാനും വീടു നോക്കാനും നിന്നു. തിരുനന്തപുരത്ത് രാമനാമഠം കല്യാണ മണ്ഡപത്തിലെ വാച്ച്മാന്, ഊട്ടുപുരയിലെ കണക്കപ്പിള്ള, ചാലക്കമ്പോളത്തില്‍ ചുമടെടുപ്പ്, മദ്രാസില്‍ കൊത്തവല്സാവടി മാര്‍ക്കറ്റില്‍ ചുമടെടുപ്പ്, ബംഗൂളുരുവില്‍ ചുമടെടുപ്പ് ഈ ജോലികളൊക്കെ കൃഷ്ണന് ചെയ്തു.
27ാം വയസ്സില്‍ കല്ല്യാണവും കഴിച്ചു. ഒന്നര വര്‍ഷത്തോളമേ ഭാര്യയുമൊത്ത് ജീവിക്കാന്‍ കഴിഞ്ഞുള്ളു അദ്ദേഹത്തിന്. ഭാര്യയ്ക്ക് കോളറ വന്നാണ് മരിച്ചത്. പിന്നീട് കൃഷ്ണന് തീര്‍ത്തും ജീവിതത്തില്‍ തനിച്ചായി. വീണ്ടും കല്ല്യാണം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും യോഗമില്ലെന്ന് കരുതി വേണ്ടെന്ന് വെച്ചു.
ഇപ്പോള്‍ തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ ശ്രീകൃഷ്ണ ഫര്‍ണിച്ചറിന്റെ മുന്നിലാണ് പത്തുവര്‍ഷമായി കൃഷ്ണന്റെ കിടപ്പ്. എവിടെ നിന്നാണെങ്കിലും ഭക്ഷണം കിട്ടും. ഇനി കിട്ടിയില്ലെങ്കിലും ഒരു പരാതിയുമില്ല അദ്ദേഹത്തിന്.
ഇടയ്ക്കിടക്ക് കൃഷ്ണനെ നോക്കാന്‍ ജൂബിലി ആശുപത്രിയിലെ നഴ്സുമാര്‍ വരും.
മുറിവൊക്കെ വച്ചുകെട്ടികൊടുക്കും. അവര്‍ പല്ലൊക്ക പരിശോധിക്കും. മരുന്നു കൊടുക്കും. ഇടയ്ക്കു ചില കുട്ടികള്‍ പുതപ്പൊക്കെ കൊണ്ടു കൊടുക്കും. ‘ എന്നും ഭക്ഷണം തരുന്ന ഡോക്ടറെപ്പോലെ ദൈവം മുന്നില്‍ വരാറുണ്ടെന്നും, വടക്കുനാഥന്റെ പടിഞ്ഞാറേ നടയ്ക്കരികില്‍ ഞാന്‍ പോയി വെറുതെ ഇരിക്കുമായിരുന്നു. എന്നാല്‍ കൈ നീട്ടില്ലെന്നും’ കൃഷ്ണന് പറയുന്നു.
Discussion about this post