തിരുവനന്തപുരം: മലയാള മനോരമ പത്രത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടന വേദിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഈ സ്ഥാപനത്തെ കുറിച്ച് നാടിനെ അറിയിച്ചിട്ടുണ്ടെന്നും ഏതോ ഒരു ഘട്ടത്തില്‍ ഇത് തുടങ്ങാന്‍ ആലോച്ചിരുന്നെന്നും എന്നാല്‍ ഉദ്യോഗസ്ഥന്മാരുടെ തടസം കൊണ്ട് നടക്കാതായിപ്പോയി എന്നുമാണ് അവര്‍ മുഖപ്രസംഗത്തില്‍ പറയുന്നതെന്നും പിണറായി വ്യക്തമാക്കി. അക്കാര്യത്തിലുള്ള വിയോജിപ്പ് താന്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത് .
മുഖ്യമന്ത്രിയുടെ പ്രസംഗം ഇങ്ങനെ…
ഉദ്യോഗസ്ഥന്മാരുടെ തടസം മറികടക്കാനല്ലേ സര്‍ക്കാരും മന്ത്രിസഭയുമൊക്കെ നില്‍ക്കുന്നതെന്നും എന്തെങ്കിലും തടസം പറഞ്ഞാല്‍ അവിടെ ഇട്ടേക്കേണ്ട കാര്യമില്ല. ഏതായാലും എന്റെ അനുഭവം ഞാന്‍ പറയാം എന്നും മുഖ്യന് പറഞ്ഞു.
ഈ ഒരു നിര്‍ദേശം വന്നപ്പോള്‍ ഒരു തടസവും ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എല്ലാവരും അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന നിലയുമാണ് ഉണ്ടായത്. ഇത് പൂര്‍ത്തിയാക്കുന്നതിന് ഏറ്റവും നല്ലത് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് എന്ന് തോന്നിയതുകൊണ്ട് തന്നെ അവരെയാണ് ഏല്‍പ്പിച്ചത്. 2017 ലായിരുന്നു അത്.
എന്നാല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണം എന്ന് അവരോട് നിര്‍ദേശിച്ചിരുന്നു. അവര്‍ ആരും പ്രതീക്ഷിക്കാത്ത വേഗതയില്‍ തന്നെ ഇത് പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. അപ്പോള്‍ ഇത് വ്യക്തമാക്കുന്നത് നമ്മള് മനസുവെച്ചാല്‍ നമുക്ക് ഏത് പദ്ധതിയും സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ്. അതൊരു നല്ല പ്രവര്‍ത്തന സംസ്ക്കാരം നമ്മുടെ നാട്ടില്‍ കടന്നുവരുന്നു എന്നതിന്റെ സൂചന കൂടിയായിട്ടാണ് കാണേണ്ടത്.
ഇവിടെ സര്‍ക്കാരിന്റെ പ്രതീക്ഷയും വിശ്വാസ്യതയും ഒരു തരത്തിലും തെറ്റിയില്ല എന്നാണ് തെളിയിക്കുന്നത്. നല്ല കൃത്യതയോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ നടത്താനായിട്ടുണ്ട്. ഇനിയും മുന്നോട്ടുപോകാനുണ്ട്. ഒന്നാം ഘട്ടമാണ് പൂര്‍ത്തിയായിട്ടുണ്ട്. ഇനിയുള്ള ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരുതുകയാണ്.
ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നമ്മുടെ ഭരണസംവിധാനത്തിനുള്ള താത്പര്യത്തിന്റേയും താത്പര്യക്കുറവിന്റേയും ഉദാഹരണം കൂടിയാണ് ഐഐവി എന്നായിരുന്നു മനോരമ മുഖപ്രസംഗത്തില്‍ എഴുതിയത്. അഞ്ച് വര്‍ഷം മുന്‍പ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം അന്നത്തെ സര്‍ക്കാരിന് മുന്പിലെത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും താത്പര്യമെടുത്തെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ വഴിമുടക്കി. ‘- എന്നായിരുന്നു മനോരമ മുഖപ്രസംഗത്തില്‍ എഴുതിയത്.
Discussion about this post