മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നേരിടുന്ന അവഗണനകള്‍ അതിശക്തം. നിയമപോരാട്ടത്തിനൊടുവില്‍ കനകദുര്‍ഗ വീട്ടില്‍ കയറിയ ഉടനെ ഭര്‍ത്താവും അമ്മയും മക്കളെയും കൊണ്ട് വീട് മാറിയത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ ഭര്‍ത്താവ് കൃഷ്ണനുണ്ണി കനകദുര്‍ഗയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വിവാഹമോചന ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം ആണ് നിലനില്‍ക്കുന്നത്.
കനകദുര്‍ഗ വലിയ വീട്ടില്‍ ഇപ്പോള്‍ തനിച്ചാണു താമസം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. ഭര്‍ത്താവിനു തന്നെ വേണ്ടെന്നാണെങ്കില്‍ മക്കളെ ഒപ്പം കിട്ടാനായി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. മക്കള്‍ക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കനകദുര്‍ഗ പറയുന്നത്.
നാലു വനിതകളടക്കം 10-15 പോലീസുകാര്‍ സംരക്ഷണത്തിനായി ഒപ്പമുണ്ട്. സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ് വുമണായ കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്കു പോയാലും വീട്ടില്‍ പോലീസ് സാന്നിധ്യമുണ്ടാകും. കനകദുര്‍ഗ സമ്മാനിച്ച മാനക്കേടിനൊപ്പം, പോലീസിന്റെ മുഴുവന്‍സമയ സാന്നിധ്യം സൈ്വരജീവിതത്തിനു തടസമാണെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയറായ കൃഷ്ണനുണ്ണി പറയുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മോചനത്തിന് ഒരുങ്ങുന്നതെന്നാണ് വിവരം.
Discussion about this post