ഇടുക്കി: കടബാദ്ധ്യത മൂലം ഇടുക്കിയില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ ജോണിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മൂന്നാമത്തെ കര്‍ഷകനാണ് ഇടുക്കിയില്‍ ആത്മഹത്യ ചോയ്യുന്നത്.
കഴിഞ്ഞ ഞായറാഴ്ച്ച കൃഷിയിടത്തില്‍ വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് ജോണിയെ കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കാലവര്‍ഷക്കെടുതിയും പ്രളയവും വന്‍തോതില്‍ കൃഷിയെ ബാധിച്ചിരുന്നു തുടര്‍ന്ന് കഴിഞ്ഞ ചില മാസങ്ങളായി ജോണി ഏറെ അസ്വസ്ഥനായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം പലിശയ്‌ക്കെടുത്ത ജോണി, സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. പ്രളയത്തിന് പുറമെ ബാക്കിയായ കൃഷിയിടത്തില്‍ കാട്ടുപന്നിയിറങ്ങി. മുക്കാല്‍ പങ്ക് കൃഷി നശിച്ചതും ബാക്കി കിട്ടിയ വിളവിന് വില ലഭിക്കാതിരുന്നതും ഇയാളെ ഏറെ മാനസിക സംഘര്‍ഷത്തിലാക്കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. കൃഷി നാശം ഉണ്ടായതോടെ പണയത്തില്‍ വച്ച സ്വര്‍ണ്ണം ഉള്‍പ്പെടെ തിരിച്ചെടുക്കാനാവാത്ത പ്രതിസന്ധിയിലായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.