ചെറുപുഴ: വിവാഹചിത്രം ഉപയോഗിച്ച് വധുവിന് പ്രായക്കൂടുതല്‍ ആണെന്ന് പറഞ്ഞ് സൈബര്‍ ഗുണ്ടകള്‍ രൂക്ഷമായി ആക്രമിച്ച നവദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം ഉപയോഗിച്ചായിരുന്നു സോഷ്യല്‍മീഡിയയില്‍ ക്രൂരമായ ആക്രമണം.
വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരന്‍ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു ദുഷ്പ്രചാരണം. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണവും സൈബര്‍ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മര്‍ദ്ദം കാരണം അനൂപിനേയും ജൂബിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അനൂപിന്റെ അച്ഛന്‍ ബാബു പറഞ്ഞു.
കൂടാതെ കുടുംബത്തിലെല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബാബു പറഞ്ഞു.
പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന അനൂപും ജൂബിയും തങ്ങള്‍ നേരിട്ട സൈബര്‍ ഗുണ്ടായിസത്തിനെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. മാനസിക പിരിമുറുക്കം കാരണം ഇപ്പോള്‍ ആശുപത്രിയിലാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ വേട്ടയാടിയ ഗുണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്ന നിശ്ചയദാര്‍ഢ്യത്തിലാണ് അനൂപും ജൂബിയും.