തൃശ്ശൂര്‍: സര്‍ക്കാര്‍ ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 26 തൊഴില്‍ മേഖലകളിലെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന ജനതയുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് സര്‍ക്കാര്‍ അധികാരമേറ്റത്. വാഗ്ദാനം നിറവേറ്റി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം ഉള്ള സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നേഴ്‌സ്മാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ഖാദി-കൈത്തറി തൊഴിലാളികള്‍, ഉച്ചഭക്ഷണപാചക തൊഴിലാളികള്‍, കടകളും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, ബീഡി ആന്റ് സിഗാര്‍ എന്നിവര്‍ക്കുള്ള മിനിമം കൂലി പുതുക്കിയിട്ടുണ്ട്. ഹോസ്റ്റല്‍, ഐസ് ഫാക്ടറി, ഫാര്‍മസ്യുട്ടിക്കല്‍സ് ആന്‍ഡ് സെയില്‍സ്, പ്രിന്റിങ് പ്രസ്, ഗോള്‍ഡ് ആന്റ് സില്‍വര്‍ ഒര്‍ണമെന്റ്‌സ്, ആന പരിപാലനം, ചൂരല്‍-മുള, ആയുര്‍വേദ-അലോപ്പതി മരുന്ന്, ഗാര്‍ഹികമേഖല, ഓയില്‍മില്‍, മലഞ്ചരക്ക് വ്യവസായം, സെക്യൂരിറ്റി സര്‍വീസ്, കാര്‍ഷികവൃത്തി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഫാര്‍മസിസ്റ്റ് (മെഡിക്കല്‍ ഷോപ്പ്), ഓയില്‍ പാം, ഫോട്ടോഗ്രാഫി ആന്റ് വിഡിയോഗ്രഫി, ചെരുപ്പ് നിര്‍മ്മാണം, പേപ്പര്‍ പ്രോഡക്ടസ്, ഫിഷ് പീലിംഗ് എന്നീ മേഖലകളിലും മിനിമം വേതനം പുതുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിനിമം വേതന നിയമലംഘനത്തിനെതിരെ കടുത്ത ശിക്ഷ നല്‍കാനുള്ള നടപടികളും സ്വീകരിച്ചു. നിയമലംഘനങ്ങള്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വരെയായി വര്‍ധിപ്പിച്ച് മിനിമം വേതനനിയമം ഭേദഗതി ചെയ്തു. മിനിമം വേതനനിയമ പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ കുടിശ്ശികയില്‍ തീര്‍പ്പ് കല്പിക്കുന്നതിന് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.