തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി എ പദ്മകുമാര്‍. കാലാവധി പൂര്‍ത്തിയാകുന്ന നവംബര്‍ മാസം വരെ തുടരും. തര്‍ക്കത്തിലാക്കി ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ അഭിപ്രായം എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ കൂട്ടായ അഭിപ്രായം വരുമ്പോള്‍ അതായിരിക്കും ബോര്‍ഡിന്റെതായ അഭിപ്രായം. ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടട്ടെയെന്നാണ് പറഞ്ഞത്. ഇത് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ചില കേന്ദ്രങ്ങള്‍ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും പദ്മകുമാര്‍ ആരോപിച്ചു.
സാവകാശ ഹര്‍ജി സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി വ്യത്യസ്ത അഭിപ്രായമെന്നത് മാധ്യമസൃഷ്ടിയാണ്. തര്‍ക്കത്തിലാക്കി ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ശബരിമല വികസനത്തിനായി 739 കോടി അനുവദിച്ച സര്‍ക്കാരിനൊപ്പമാണ് താനെന്നും, വികാരപരമായി സുപ്രീംകോടതി വിധിയെ സമീപിക്കില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.