ഇടുക്കി: ആനശല്യത്തില്‍ നിന്നും കൃഷി സംരക്ഷിക്കുവാന്‍ മറയൂരില്‍ ആനമതില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. മറയൂര്‍ പഞ്ചായത്തില്‍ അടുത്തകാലത്തായി വര്‍ധിച്ച കാട്ടാന ശല്യം പ്രതിരോധിക്കുന്നതിന് വനാതിര്‍ത്തികളില്‍ 1.8 കോടി രൂപ ചെലവില്‍ ആനമതില്‍ നിര്‍മ്മിക്കും. പാറക്കല്ലുകള്‍ കൊണ്ടാണ് മതില് നിര്‍മ്മിക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഐഡിഡബ്ളുഎച്ച് ഫണ്ടില്‍ നിന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഒന്നാംഘട്ടത്തില്‍ 1.44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 36 ലക്ഷം രൂപ രണ്ടാം ഘട്ടത്തില്‍ അനുവദിക്കും. കേരളത്തിലെ വിവിധ റേഞ്ചുകളില്‍ ആനമതില്‍ നിര്‍മ്മിക്കുന്നതിന് 10.86 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നിലമ്പൂര്‍ നോര്‍ത്ത് റേഞ്ചിലാണ് കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. 3.27 കോടി രൂപയാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. മറയൂരില്‍ 1.8 കോടി രൂപയും. മറയൂരില്‍ ചിന്നാര്‍ വനാതിര്‍ത്തിയിലെ കരിമുട്ടി മുതല്‍ പാമ്പാര്‍വരെയുള്ള മേഖലയിലാണ് ആനമതില്‍ നിര്‍മ്മിക്കുക.
കൊട്ടിയൂര്‍ റേഞ്ചില്‍ ചെയ്തത് പോലെ ഐഐടി ഡിസൈനിലാണ് ആനമതില്‍ നിര്‍മ്മിക്കുന്നത്. 2.10 മീറ്റര്‍ ഉയരത്തിലും താഴെ 1.20 മീറ്റര്‍ വീതിയിലും മുകളില്‍ 60 സെന്റിമീറ്റര്‍ വീതിയിലുമാണ് മതില് നിര്‍മ്മിക്കുന്നത്. ഓരോ അഞ്ച് മീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് പില്ലറും മുകളില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റും നിര്‍മ്മിച്ച് മതില് ശക്തമാക്കും.
Discussion about this post