തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി വനത്തില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ഇയാളെ ഇമാംസ് കൗണ്‍സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചിരുന്നു. എന്നാല്‍, അച്ചടക്ക നടപടിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഷഫീഖ് അല്‍ ഖാസിമിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സോഷ്യല്‍മീഡിയും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇയാള്‍ കത്തിക്കയറി പ്രസംഗം അവതരിപ്പിച്ചിരുന്ന വിഷയങ്ങളായ യുവതയുടെ പ്രണയം, നരകത്തിലെ നാരികള്‍, വഴിതെറ്റുന്ന യുവത, എന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായി, പൊന്നുമോളെ മാപ്പ് (കാശ്മീരില്‍ കൊലചെയ്യപ്പെട്ട ബാലികയെ കുറിച്ചുള്ള പ്രഭാഷണം) എന്നിവ സോഷ്യല്‍മീഡിയയുടെ രോഷത്തിന് ആക്കം കൂട്ടുകയാണ്. ഖാസിമിയുടെ വ്യാജമുഖത്തിന്റെ ഉദാഹരണമെന്ന തലക്കെട്ടില്‍ ഇവ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. യുവാക്കള്‍ക്കും യുവതികള്‍ക്കുമുളള സദാചാരമൂല്യങ്ങളാണ് ഇയാളുടെ മതപ്രഭാഷണത്തിലെ പ്രധാനവിഷയങ്ങളാകാറുള്ളത്.
തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിം പളളിയിലെ ചീഫ് ഇമാമായിരുന്നു ഷഫീഖ് അല്‍ ഖാസിമി. സംഭവത്തിന് പിന്നാലെ, തല്‍സ്ഥാനത്ത് നിന്നും ഇയാളെ നീക്കിയതായി തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ അറിയിച്ചു. സംഭവം വിശദമായി അന്വേഷിച്ചതിനുശേഷമാണ് നടപടിയെന്ന് തൊളിക്കോട് ജമാഅത്ത് അറിയിച്ചതായി ന്യൂസ്‌റപ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെക്കുറിച്ച് നേരിട്ട് അന്വേഷണം നടത്തിയ തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് പറയുന്നതിങ്ങനെ:
‘ആ സ്ഥലം ആദ്യമായി എത്തുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ്. ഇവിടെ നേരത്തെയും അദ്ദേഹം വന്ന് കാണണം. നടന്നത് എന്താണെന്ന് അറിയാന്‍ അവിടെ പോയിരുന്നു. പ്രദേശത്തുളളവരെ കണ്ട് സംസാരിച്ചു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുളള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു.
ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു.ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. അവര്‍ തട്ടിക്കയറി. ഇത്രയും പ്രായമുളള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ്. തുടര്‍ന്ന് ആക്രോശത്തോടെ വണ്ടി എടുക്കുകയായിരുന്നു.
ഈ തിരക്കിനിടയില്‍ വണ്ടിയുടെ പിറകുവശം പൊട്ടിയതായും കണ്ടെത്തി. അവിടെയുളള യുവാക്കള്‍ വിതുര വരെ വണ്ടിയെ ട്രേസ് ചെയ്തു വന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ടാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒന്നും ചെയ്യാതിരുന്നത്. അവരുടെ കയ്യില്‍ തെളിവുകളുണ്ട്. എവിടെ വന്ന് വേണമെങ്കിലും അവര്‍ ഇതൊക്കെ പറയാം എന്ന് അറിയിച്ചു. തുടര്‍ന്ന് കമ്മിറ്റി കൂടി ഏകകണ്ഠമായിട്ടാണ് നടപടി കൈക്കൊണ്ടത്.
രണ്ട് ദിവസം മുന്‍പ് ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു-‘ ന്യൂസ്റപ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ.
തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി. ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സിലും അച്ചടക്ക നടപടി സ്വീകരിച്ചത്.