തൃശൂര്‍: നാടിനെ ഞെട്ടിച്ച് തൃശൂരില്‍ കിഴക്കുംപാട്ടുകരയില്‍ നടന്ന എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസില്‍ കാസര്‍കോട്ടെ യുവാവടക്കം രണ്ടു പേര് അറസ്റ്റിലായി. കനറാ ബാങ്കിന്റെ ശാഖയിലാണ് മോഷണ ശ്രമം നടന്നത്.
കവര്‍ച്ച ആസൂത്രണം ചെയ്തത് സഹോദരന്റെ ഭാര്യയുടെ പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാനെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തൃശൂരിലെ പഴക്കടയില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശി മെഹറൂഫ്, കോട്ടയം സ്വദേശി സനീഷ് എന്നിവരെയാണ് തൃശൂര്‍ എസിപി രാജീവ് വികെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
പ്രതികളിലൊരാള്‍ കവര്‍ച്ചാ സമയത്ത് ഫോണ്‍ ഉപയോഗിച്ചതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ക്യാമറകളിലും പ്രതികളുടെ മുഖം പതിഞ്ഞിരുന്നു.മുഖം മൂടിയശേഷം എടിഎം കൗണ്ടറിനുള്ളിലെ വെളിച്ചം കെടുത്തിയായിരുന്നു മോഷണശ്രമം.
15 മിനിറ്റ് എടുത്ത് എടിഎം യന്ത്രത്തിന്റെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചു എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ മടങ്ങി. മോഷണത്തിനു മുമ്പ ഇതേ എടിഎമ്മിനു മുന്നില്‍ പലതവണ വന്നു പരിസരം നിരീക്ഷിച്ചതും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. സ്വര്‍ണം തിരിച്ചെടുക്കാന്‍ വീട്ടുകാരില്‍ നിന്നു സമ്മര്‍ദമുണ്ടായപ്പോഴാണ് പണം സംഘടിപ്പിക്കാന്‍ മെഹ്റൂഫ് എടിഎം കൊള്ളയ്ക്ക് തയ്യാറായതെന്നും പോലീസ് പറഞ്ഞു.
Discussion about this post