സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ല! ദേവസ്വം പ്രസിഡന്റും കമ്മീഷണറും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി

കോട്ടയം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടിനോട്, വിരുദ്ധമായി നിലപാട് സ്വീകരിച്ച ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും പുനഃപരിശോധന ഹര്‍ജിയാണ് പരിഗണിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

ഇരുവരുമായി താന്‍ ഇന്നലെ സംസാരിച്ചു. എ പത്മകുമാര്‍ തന്നെ ദേവസ്വം പ്രസിഡന്റായി തുടരും. പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

ശബരിമല പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെ നേരത്തെതില്‍ നിന്ന് വ്യത്യാസമായി വിധിയെ അനുകൂലിച്ചുള്ള നിലപാടാണ് ദേവസ്വം ബോര്‍ഡിനായി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി സുപ്രീംകോടതിയില്‍ അറിയിച്ചത്.

അതെസമയം സാവകാശ ഹര്‍ജിയെ കുറിച്ച് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറയാത്തതില്‍ പദ്മകുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തന്നോട് അറിയിച്ചിട്ടല്ല നിലപാട് മാറ്റിയത്. വിധി നടപ്പാക്കാന്‍ സാവകാശം വേണമന്നായിരുന്നു പത്മകുമാര്‍ വ്യക്തമാക്കിയത്. ഇതിനെ തള്ളി ദേവസ്വം കമ്മീഷണറും രംഗത്തെത്തിയതോടെ ദേവസ്വം ബോര്‍ഡിനുള്ളിലെ അസ്വാരസ്യം പുറത്ത് വന്നിരുന്നു.

Exit mobile version