തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ അനുകൂലിച്ചതിനെച്ചൊല്ലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൊട്ടിത്തെറി. സര്‍ക്കാരും ദേവസ്വം കമ്മിഷണര്‍ എന്‍വാസുവും ഒരുവശത്തും പ്രസിഡന്റ് എ പത്മകുമാര്‍ മറുവശത്തുമായാണു തര്‍ക്കം. പതുക്കെ വിധിയോട് അനുകൂലിച്ച് യുവതീപ്രവേശം നീട്ടേണ്ടതിനു പകരം വിധിയെ ആദ്യം തന്നെ അനുകൂലിക്കുകയാണു ബോര്‍ഡിന്റെ അഭിഭാഷകന്‍ ചെയ്തത് എന്ന് പത്മകുമാര്‍ പറഞ്ഞു.
‘നിലപാടുമാറ്റം തന്റെ അറിവോടെയല്ല. കേസ് നടത്തിപ്പിനു കമ്മിഷണറെയാണു ഡല്‍ഹിക്ക് അയച്ചത്. അവിടെ സംഭവിച്ചതെന്താണെന്ന് അറിയില്ല. കമ്മിഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്’. ‘ഭക്തരുടെ താല്‍പര്യം സാവകാശ ഹര്‍ജിയായിരുന്നു. അതില്‍ തീര്‍പ്പുണ്ടായ ശേഷം കോടതിവിധി നടപ്പാക്കുന്നതു സംബന്ധിച്ച തുടര്‍നടപടികളിലേക്കു കടക്കാമെന്നായിരുന്നു ബോര്‍ഡിലെ തീരുമാനം.
അതൊക്കെ ലംഘിച്ചാണു പെട്ടെന്നു നീക്കം നടന്നത്’- പത്മകുമാര്‍ പറഞ്ഞു. അതേസമയം, പത്മകുമാറിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും ആശയക്കുഴപ്പമുള്ളതായി തോന്നുന്നില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.