കണ്ണൂര്‍: ചരിത്രപ്രസിദ്ധമായ മാടായിപളളിയുടെ സംരക്ഷണം ആവശ്യപ്പെട്ട് ടിവി രാജേഷ് എംഎല്‍എ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയ്ക്ക് നിവേദനം സമര്‍പ്പിച്ചു.
മാടായിപളളിയെ ലോകത്തിന് പരിചയപ്പെടുത്താന്‍ മ്യൂസിയമാക്കണമെന്ന് എംഎല്‍എ കത്തില്‍ പറയുന്നു. മുസിരിസ് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ ചേരമന്‍ പളളിയില്‍ ചെയ്തതുപോലെ മാടായിപളളിയിലെ കൈ എഴുത്തു ഗ്രന്ഥങ്ങളും ശിലാലിഖിതങ്ങളും സംരക്ഷിക്കേണ്ടതുണ്ട്.
കേരളത്തില്‍ ഇസ്ലാം മത സംസ്‌കാരം പ്രചരിപ്പിച്ച മാലിക് ദിനാറും സംഘവും കേരളത്തില്‍ നിര്‍മ്മിച്ച 11 പളളികളില്‍ 2-ാമത്തെ പളളിയാണ് ചരിത്രപ്രാധാന്യമുളള മാടായിപളളി.
പളളിയുടെ പ്രവേശന കവാടത്തില്‍ അറബി ലിഖിതത്തില്‍ രേഖപ്പെടുത്തിയതു പ്രകാരം ഹിജ്‌റ 5-ാം വര്‍ഷം റബ്ബീവുല്‍ ആഖിര്‍ മാസം വെളളിയാഴ്ച ദിവസമാണ് മാടായിപളളിയുടെ പൂര്‍വ്വരൂപമായ ആദ്യത്തെ പ്രാര്‍ത്ഥനാലയം സ്ഥാപിച്ചത്.
മാടായിപളളിയില്‍ കൂഫി അറബി ലിഖിതത്തിലുളള ശിലാലിഖിതങ്ങള്‍ ഇപ്പോഴുമുണ്ട്. മാടായിപളളിയുടെ പരിസരത്ത് നിന്ന് AD 2ാംനൂറ്റാണ്ട് മുതല്‍ 15-ാം നൂറ്റാണ്ട് വരെയുളള പാത്രത്തിന്റെ കഷ്ണങ്ങള്‍ (Glazed Pottery), Precious stone, മുത്തുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ ആര്‍ക്കിളയോളജിസ്റ്റ് ഡേവിഡ് ഹില്‍ ഇത് പരിശോധിച്ചിട്ടുണ്ട്. AD 2ാംനൂറ്റാണ്ട് മുതല്‍ 15-ാം നൂറ്റാണ്ട് വരെ വെസ്റ്റ് ഏഷ്യ, സൗത്ത് ഏഷ്യ, ചൈന, കൊറിയ, ഈജിപ്ത് എന്നീ ദേശങ്ങളുമായി മാടായിക്കുണ്ടായിരുന്ന സമുദ്രാന്തര വാണിജ്യത്തെയാണ് ഇത് കാണിക്കുന്നത്.
മാടായിപളളിയിലെ ഗ്രന്ഥപുരയില്‍ നിരവധി പ്രാചീന അറബി കൈ എഴുത്തു ഗ്രന്ഥങ്ങളും സൂക്ഷിച്ചിട്ടുണ്ട്. മാടായിപളളിയുടെ മുന്‍വശത്ത് ആദ്യകാലത്ത് പളളിയില്‍ ഉപയോഗിച്ച കരിങ്കല്‍ കൊത്തിയ പ്രസംഗപീഢവും(മിമ്പര്‍) നിലവിലുണ്ട്.
മാടായിപ്പാറയും ജൂതക്കുളവും മാടായിപളളിയുടെ ചുറ്റുവട്ടവും ചേര്‍ന്നു പ്രദേശം സൗത്ത് ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആര്‍ക്കിയോളജിക്കല്‍ സൈറ്റുകളില്‍ ഒന്നായിട്ടാണ് ചരിത്രകാരന്മാര്‍ കണക്കാക്കുന്നത്. കേരളത്തിലെ പ്രമുഖ ചരിത്രകാരന്മാരും വിദേശീയ ചരിത്രകാരന്മാരും മാടായിപളളിയെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
കാലത്തിന്റെ കുത്തൊഴുക്കില്‍ ഇത്തരം ചരിത്രസംസ്‌ക്കാര മൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും, അവയെ ലോകത്തിനു
പരിചയപ്പെടുത്തിക്കൊടുക്കാനും ചരിത്രപ്രസിദ്ധമായ മാടായിപ്പളളിയെ മുന്‍നിര്‍ത്തി ഒരു മ്യൂസിയം സ്ഥാപിക്കണമെന്നും കത്തില്‍ പറയുന്നു.
Discussion about this post