തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ എത്രയും വേഗം രാജിവെച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേവസ്വംബോര്‍ഡിന്റെ കരണം മറിച്ചില്‍ വിശ്വാസികളെയും പൊതുസമൂഹത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്. ശക്തമായ ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
തുടക്കത്തില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു ബോര്‍ഡിന്. എന്നാല്‍ ഇന്നലെ കോടതിയില്‍ യുവതി പ്രവേശനം അനുകൂലിക്കുകയാണ് ബോര്‍ഡ് ചെയ്തത്. ഇതില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഒന്നും അറിഞ്ഞില്ലെന്നാണ് പത്മകുമാര്‍ പറയുന്നത്. അങ്ങനയെങ്കില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അറിയാതെ ബോര്‍ഡിന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ നിലപാടറിയിച്ചത് എങ്ങനെയെന്ന് ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു.
യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ തുടക്കം മുതലേ ചാഞ്ചാട്ടം നടത്തുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഇനി ഒരു നിമിഷം സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍വ്യക്തമാക്കി.
Discussion about this post