ശബരിമലയുടെ പേരിലുണ്ടായ സംഭവങ്ങളേയും പ്രളയത്തേയും ഓര്‍മ്മിച്ച് നടന്‍ മുകേഷ്. കെ സുരേന്ദ്രന്‍ ജയിലില്‍ കിടന്നതും ശോഭാ സുരേന്ദ്രന്‍ കോടതിയില്‍ പിഴയടച്ചതും ശ്രീധരന്‍ പിള്ളയ്ക്ക് നാക്കുളുക്കുന്നതും അയ്യപ്പകോപം കൊണ്ടാണെന്ന് ആയിരുന്നു നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുകേഷ് എംഎല്‍എയുടെ പരിഹാസം. മുകേഷിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍.
സര്‍,
ബഹുമാനപ്പെട്ട ധനകാര്യമന്ത്രി അവതരിപ്പിച്ച വോട്ട് ഓണ്‍ അക്കൗണ്ടിന്‍മേലുള്ള പ്രമേയത്തെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയാണ്. ഒരേ സമയം അഭിമാനകരമായും അപമാനകരമായും വിലയിരുത്തപ്പെട്ട രണ്ട് സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.
സ്ത്രീമുന്നേറ്റത്തിന്റെ സമാനതകളില്ലാത്ത പ്രഖ്യാപനമായിത്തീര്‍ന്ന വനിതാമതിലിന്റെ അഭിമാനശബ്ദം ഒരു വശത്ത്. വിശ്വാസികള്‍ക്ക് പരിപാവനമായ ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചവര്‍ പൊതുസമൂഹത്തെ ഭയന്ന് തിരികെയോടിയ അപമാനദൃശ്യം മറ്റൊരിടത്ത്. (ഭരണബഞ്ചുകളിലെ സാമാജികര്‍ മേശയില്‍ അടിക്കുന്നു.) ഈ പിന്തിരിഞ്ഞോട്ടം വിനാശകരമായ ഒരു സന്ദേശമാണ് സര്‍. ആപത്കരമായ മുന്നറിയിപ്പാണ്. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനാണ് അമ്പത് ലക്ഷം സ്ത്രീകള്‍ ഒന്നായി ചേര്‍ന്ന് പ്രതിരോധമതില്‍ ഉയര്‍ത്തിയത്. മതാന്ധകാരത്തിനെതിരെ പടുത്ത പ്രതിരോധക്കോട്ടയായി അത് ചരിത്രത്തില്‍ ഇടം നേടി.
സര്‍, ഒരു നൂറ്റാണ്ടിനിടയില്‍ കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന് ശേഷം ഈ നാട്ടില്‍ സ്വാഭാവികമായി രൂപപ്പെട്ട ഒരു മാനവികതയുണ്ട്. ‘പ്രളയാനന്തര മാനവികത’ എന്ന സാമൂഹ്യചിന്തകര്‍ ഇതിനെ വിലയിരുത്തുന്നു. പൊഫ. ബി രാജീവന്‍ ഈ മാനവികതയെപ്പറ്റി ‘പ്രളയാനന്തര മാനവികത ശബരിമലയുടെ പശ്ചാത്തലത്തില്‍’ എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജാതി, മത, ആണ്‍, പെണ്‍ ഭേദമില്ലാതെ, പ്രായഭേദമില്ലാതെ മലയാളി ദുരന്തമുഖത്ത് ഒന്നായപ്പോള്‍ രൂപപ്പെട്ടതാണ് പുതിയൊരു തരം മാനവികത. പ്രത്യാശാപൂര്‍ണ്ണമായ നന്‍മയുടെ പ്രകാശമാണത്.
സര്‍, വെള്ളമിറങ്ങിയപ്പോള്‍ ഇപ്പോള്‍ നാം കാണുന്നത് കടുത്ത വരള്‍ച്ചയാണ്. പ്രളയം വറ്റിയപ്പോള്‍ നന്‍മയും വറ്റിയതുപോലെ. സ്ത്രീ അടുക്കളയില്‍ ഒടുങ്ങേണ്ടവളാണ് എന്ന മട്ടില്‍ പ്രചാരണം നടത്തുന്നു. സ്ത്രീ മുന്നേറ്റത്തിനെതിരെ സ്ത്രീകളെത്തന്നെ തെരുവിലിറക്കി മുദ്രാവാക്യം വിളിപ്പിക്കുന്നു. ഇതാണ് ‘സംഘപരിവാര്‍ മാനവികത’. ഫാസിസത്തിന്റെ ഈ പുതിയ കേരളാ മോഡല്‍ ശബരിമലയിലാണ് സംഘപരിവാര്‍ ശക്തികള്‍ പരീക്ഷിച്ചത്. വാജ്‌പേയിയുടെ കാലത്ത് പൊക്രാനില്‍ ആണവ വിസ്‌ഫോടനം നടത്തിയതുപോലെ മോദിയുടെ കാലത്ത് ഫാസിസത്തിന്റെ ആണവസ്‌ഫോടനം നടത്താന്‍ ശ്രമം നടന്നു.
എന്നാല്‍ വിഷ ബോംബുകള്‍ പൊട്ടാതെ ചീറ്റിപ്പോയി. ഫാസിസം ജനങ്ങളെ അവരറിയാതെ തന്നെ പിടികൂടുന്ന ഒരു രാഷ്ട്രീയ പകര്‍ച്ചവ്യാധിയാണ്. ഈ രോഗം ജനങ്ങളെ സ്വന്തം അടിമത്തത്തില്‍ ആഹ്‌ളാദിക്കുന്നരാക്കി മാറ്റുന്നു. അടിമത്തമാണ് വിമോചനം എന്ന നില സൃഷ്ടിക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്ത്രീ സമത്വത്തിനും സ്ത്രീ വിമോചനത്തിനും എതിരായി സ്ത്രീകള്‍ തന്നെ തെരുവിലിറങ്ങിയ കാഴ്ച
സര്‍, അടുത്തിടെ ഞാന്‍ കൊല്ലത്തൊരു ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം സ്വകാര്യ സംഭാഷണത്തിനിടെ രാഷ്ട്രീയം ചര്‍ച്ചയായി.സംഘാടകരില്‍ ഒരാള്‍ക്ക് സംശയം, ‘അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു സീറ്റ് ഇടതുപക്ഷത്തിന് കിട്ടുമോ’ എന്ന്.
ഈ ചോദ്യത്തില്‍ ഒരു തെറ്റിദ്ധാരണ അടങ്ങിയിട്ടുണ്ട്. ശബരിമലയില്‍ പോകുന്നവര്‍ മുഴുവന്‍ ബിജെപിയും ആര്‍എസ്എസുമാണെന്നാണ് ആ തെറ്റിദ്ധാരണ. ഇത്തരം തെറ്റിദ്ധാരണകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ തന്നെ മാറിക്കോളും എന്നെനിക്കുറപ്പുണ്ട്. (ഭരണ ബഞ്ചുകളില്‍ നിന്ന് കയ്യടി). അവരോട് ഞാന്‍ പറഞ്ഞു, ‘ശബരിമലയില്‍ പോകുന്ന എല്ലാവരും ബിജെപിയല്ല, അതിന് ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്.’
വീണ്ടും സംഘാടകന്റെ ചോദ്യം, ഞാന്‍ അയ്യപ്പഭക്തനാണോ എന്ന്. ‘അതേ’ എന്ന് മറുപടി കൊടുത്തു. മുമ്പ് പല കൊല്ലവും ഞാന്‍ മല ചവിട്ടിയ കാര്യവും ഓര്‍മ്മിപ്പിച്ചു. അപ്പോള്‍ അടുത്ത ചോദ്യം ‘അയ്യപ്പന്റെ ശക്തിയില്‍ വിശ്വാസമുണ്ടോ’ എന്ന്. വിശ്വാസമുണ്ടെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. അതിന് കാരണമുണ്ടെന്നും പറഞ്ഞു.
ശബരിമലയില്‍ ദുരുദ്ദേശ്യത്തോടുകൂടി തമ്പടിച്ച ശബരിമല കര്‍മ്മസമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചത് അയ്യപ്പന്റെ ശക്തി കൊണ്ടല്ലേ? (ഭരണ ബഞ്ചുകളിലെ സാമാജികര്‍ ഡസ്‌കില്‍ അടിക്കുന്നു…) ശബരിമല വിഷയത്തില്‍ രാവിലെയും രാത്രിയും നിലപാട് മാറ്റിമാറ്റി പറയേണ്ട ഗതികേട് ബിജെപി അധ്യക്ഷനുണ്ടായത് അയ്യപ്പകോപം കൊണ്ടല്ലേ? പ്രഗത്ഭ വക്കീലിനും അയ്യപ്പകോപത്താല്‍ നാക്കുളുക്കി. ബിജെപിയുടെ ഒരു പ്രധാന നേതാവിന് പതിനാല് ദിവസം ജയിലില്‍ കിടക്കേണ്ടിവന്നതും അയ്യപ്പകോപം കൊണ്ടല്ലേ? (കയ്യടി..)
അയ്യപ്പന്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചതാണ് സര്‍. കാരണം നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നുള്ള ചോദ്യം അയ്യപ്പന്‍ വിട്ടതാണ് സര്‍. മറ്റൊരു വനിതാ നേതാവിനെക്കൊണ്ട് അയ്യപ്പന്‍ 25,000 രൂപ കോടതിയില്‍ പിഴയടപ്പിച്ചു. സാമാജികര്‍ ഡസ്‌കില്‍ അടിക്കുന്നു…) ഇതൊക്കെ അയ്യപ്പന്റെ ശക്തി തന്നെയാണ് സര്‍. എന്റെ പെര്‍സ്‌പെക്ടീവിലുള്ള (വീക്ഷണത്തിലുള്ള) അയ്യപ്പന്റെ ശക്തി ഇതാണ്. സര്‍, ഒരു വലിയ നിശബ്ദത അവിടെ വന്നു. സഭ പിരിച്ചുവിട്ടു.
സര്‍,ഒരു സംശയം, സുപ്രീം കോടതി വിധി നടപ്പാക്കി എന്നതുകൊണ്ടാണല്ലോ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ഉണ്ടായത്. വിധി നടപ്പിലാക്കിയിരുന്നവെങ്കിലോ? അപ്പോഴും ഉണ്ടാകുമായിരുന്നു പ്രക്ഷോഭം. സുപ്രീം കോടതി വിധി ധിക്കരിച്ച സര്‍ക്കാര്‍ രാജി വയ്ക്കുക എന്നതാകുമായിരുന്നു മുദ്രാവാക്യം. സര്‍, കേരളത്തെ ജാതിഭ്രാന്തിലേക്ക് വലിച്ചിഴച്ച ഈ കോലാഹലം എന്തിനുവേണ്ടിയായിരുന്നു?