കൊച്ചി: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയ ആര്‍എംപി നേതാവ് കെകെ രമയെ വിമര്‍ശിച്ച് ഹൈക്കോടതി.
ഹര്‍ജി നല്‍കിയശേഷം മാറ്റിവെച്ചതിനാണ് രമയെ കോടതി വിമര്‍ശിച്ചത്. പികെ കുഞ്ഞനന്തന് പരോള്‍ നല്കുന്നതില് തെറ്റുണ്ടെങ്കില്‍ കെകെ രമ അത് വാദിച്ചു തെളിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ഗൗരവത്തില്‍ കാണുന്നുണ്ടെങ്കില്‍ അതിനനുസരിച്ച് സമീപിക്കണമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കോടതിയില്‍ വാദിച്ച് തെളിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഹര്‍ജി നല്കി മാറ്റിവെക്കുകയല്ല. ഇത്തരം നടപടികള്‍ ഹര്‍ജിക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോടതി രമയെ വിമര്‍ശിച്ചു.
പരോള്‍ നല്‍കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയെന്ന് സര്‍ക്കാറിനോട് കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ നല്‍കുന്നതിനെതിരെയാണ് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി നേരത്തെ പരിഗണിച്ച കോടതി അസുഖം ഉണ്ടെങ്കില്‍ പരോളല്ല ഉപാധി എന്നും സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post