കോഴിക്കോട്: അച്ഛനും അമ്മയും വാത്സല്യത്തോടെ മകളെ താലോലിക്കുന്നത് നിയ കേട്ടു തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ. രണ്ട് വയസ്സുള്ള നിയക്കുട്ടിയുടെ സങ്കടം ഇന്ന് ലോകം കേള്‍ക്കുന്നു. എന്നാല്‍ ആ കുഞ്ഞുമനസിനെ ആശ്വസിപ്പിക്കുന്നത് കേള്‍ക്കാന്‍ അവള്‍ക്ക് കഴിയുന്നില്ല. ജന്മനാ കേള്‍വിശക്തി ഇല്ലാത്ത ഈ കുഞ്ഞിനെ കേള്‍ക്കാന്‍ സഹായിച്ചത് ആ ബാഗിലെ ഉപകരണങ്ങളായിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് കോഴിക്കോടേക്കുള്ള യാത്രയ്ക്കിടെ ആ ബാഗിലെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. ഇതോടെ വീണ്ടും ശൂന്യതയുടെ ലോകത്തേക്ക് തിരികെ പോയി നിയയും.
മൂന്ന് മാസം മുമ്പാണ് കണ്ണൂര്‍ പെരളശ്ശേരിയിലെ രാജേഷിന്റെ ജന്മനാ കേള്‍വി ശക്തിയില്ലാത്ത രണ്ട് വയസ്സുകാരി നിയശ്രീക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന് നടത്തിയത്. കേള്‍വിശക്തി തിരിച്ച് കിട്ടിയതോടെ മകള്‍ ശബ്ദത്തിന്റെ ലോകത്തേക്ക് എത്തി. അവള് അച്ഛാ… അമ്മെ.. എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. പക്ഷികളുടെയും മൃഗങ്ങളുടേയും ശബ്ദം തിരിച്ചറിഞ്ഞു… സര്‍ജറിക്ക് ശേഷം രണ്ട് വര്‍ഷത്തോളം തുടര്‍ ചികിത്സ വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് പോയി തുടങ്ങിയത്. അങ്ങനെയാണ് മെഡിക്കല്‍ കോളേജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഉപകരണങ്ങളടങ്ങിയ ബാഗ് നഷ്ടമായത്.
നിയയും അമ്മ അജിതയും മാത്രമേ യാത്രയിലുണ്ടായിരുന്നുള്ളൂ. എല്ലായ്പ്പോഴും രാജേഷും കൂടെ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല തിരക്കായതിനാല്‍ ലേഡീസ് ഉപകരങ്ങളടങ്ങിയ ബാഗ് അവര്‍ കയറിയ ലേഡീസ് കമ്പാര്‍ട്മെന്റിലെ സൈഡില്‍ തൂക്കിയിടുകയായിരുന്നു.
ഏകദേശം എട്ട് ലക്ഷത്തോളം രൂപ പുറത്ത് ചെലവ് വരുന്ന സര്‍ജറി സര്‍ക്കാര്‍ വഴി സൗജന്യമായി ലഭിക്കുകയായിരുന്നു. എന്നാല്‍ ബാഗ് പോയതോടെ എന്തുചെയ്യണമെന്നറിയാതെ കൂലിപ്പണിക്കാരനായ രാജേഷ് നിസ്സഹായനായി. എല്ലാ ദിവസവും രാവിലെ ഉപകരണം എടുത്ത് വെക്കാന്‍ മോള് അടുത്ത് വരും. ആ സമയമാവുമ്പോള്‍ ഇന്നും അവള് ഞങ്ങളുടെ അടുത്ത് വന്നു. ഉപകരണം കയ്യിലില്ല എന്ന് പറയുമ്പോള്‍ നിലത്ത് വീണ് കരഞ്ഞ് നിലവിളിക്കുകയാണവള്‍.
ഒരു കുഞ്ഞിന്റെ സ്വപ്നങ്ങളാണ് ആ ബാഗില്‍ ഉള്ളത്. കണ്ടുകിട്ടുന്നവര്‍ ദയവായി ഈ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് രാജേഷ് അപേക്ഷിക്കുന്നു.
9847746711 ആണ് രാജേഷിന്റെ നമ്പര്‍.
Discussion about this post