കോട്ടയം; വാഹനാപകടത്തില്‍ വലതുകൈയ്യും കാലും നഷ്ടപ്പെട്ട അതിരമ്പുഴ മ്ലാങ്കുഴി പുത്തന്‍പുരയില്‍ ബിനോയ് ജോര്‍ജി(34)ന് പറയാനുള്ളത് ഇതാണ്. വാഹനാപകടത്തില്‍ പെട്ടവരെ കണ്ടാല്‍ ആരും ഉക്ഷേിച്ച് സ്ഥലം വിടരുത്. അപകട സമയത്ത്
നില്‍ക്കാന്‍വയ്യാത്ത സാഹചര്യത്തിലാണെങ്കില്‍ അടുത്ത പോലീസ്സ്‌റ്റേഷനിലെങ്കിലും വിവരമറിയിക്കണമെന്ന്. അല്ലെങ്കില്‍ താന്‍ ഇന്ന് അനുഭവിക്കുന്നതുപോലുള്ള ദയനീയാവസ്ഥ ഉണ്ടാകുമെന്നും, ഒരുരൂപയുടെ ഇന്‍ഷുറന്‍സ്‌പോലും കിട്ടാതെവരുമെന്നും ബിനോയ് പറയുന്നു.
2018 നവംബര്‍ 12-നു രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. താന്‍ ഓടിച്ചിരുന്ന ബൈക്കില്‍ ഒരു വാഹനം ഇടിച്ചതുമാത്രമേ ബിനോയ് ഓര്‍ക്കുന്നുള്ളൂ. ബോധം വീണപ്പോള്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു. ബൈക്കില്‍ വന്നിടിച്ച വാഹനത്തിന്റെ ഡ്രൈവറോ ഉടമയോ ഇന്നുവരെ ഹാജരാകാത്തതിനാലാണ് ഇന്‍ഷുറന്‍സ് തുക കിട്ടാത്തത്.
കൊച്ചിയിലെ അമൃത ആശുപത്രിക്കു സമീപം ചേരാനല്ലൂരിലായിരുന്നു അപകടം നടന്നത്. അടുത്ത ബന്ധു മരിച്ചത് അറിഞ്ഞതിനെ തുടര്‍ന്ന് വീട്ടിലേക്കു വരുകയായിരുന്നു ബിനോയ്. കാറാണ് തന്നെ ഇടിച്ചിട്ടതെന്ന് ഓര്‍മയില്‍നിന്ന് ബിനോയ് പറയുന്നു. എന്നാല്‍, കാറിടിച്ചതുമൂലമുള്ളതിനെക്കാള്‍ വലിയ പരിക്കുകള്‍ പറ്റി. ഒരുപക്ഷേ, വീണ ബിനോയിയുടെ കൈകാലുകളിലൂടെ വലിയ വണ്ടികള്‍ കയറിയതിനാലാകാം അവ അരഞ്ഞുപോയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ആശുപത്രിയിലാക്കിയത്.
അമൃത ആശുപത്രിക്കു സമീപമുള്ള ഹോട്ടലില്‍ കുക്കായിരുന്നു ബിനോയ്. ആഹാരം തയ്യാറാക്കി നല്‍കി അന്നന്നത്തെ അപ്പത്തിനു വക കണ്ടെത്തിയിരുന്ന ചെറുപ്പക്കാരന്‍ ഇന്ന് പരസഹായംകൊണ്ടുമാത്രം ജീവിക്കേണ്ട അവസ്ഥയിലാണ്. സാധാരണ കുടുംബത്തിലെ അംഗമാണ്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇതുവരെയുളള ചികിത്സകള്‍ നടത്തി. ഇപ്പോള്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചെയ്യുന്നു. കൃത്രിമക്കൈയും കാലും വെക്കാനാകുമോയെന്നു പരിശോധിക്കുന്നുണ്ട്. അതിനു പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
എന്നാല്‍ അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഉടമ സ്വയം ഹാജരായാല്‍ തന്റെ ജീവിതം രക്ഷപ്പെടുമെന്നും ബിനോയ് പറയുന്നു. ചേരാനല്ലൂര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്. ഉടമയെ കണ്ടെത്താന്‍ അവരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പറയുന്നു.
ബിനോയിക്ക് നാലു സഹോദരങ്ങളാണ്. രണ്ടുസഹോദരിമാരെ വിവാഹംചെയ്തയച്ചു. ബൈജു സ്റ്റുഡിയോ നടത്തുകയാണ്. മറ്റൊരു സഹോദരനായ ബിജോഷിനും ജോലിയായിട്ടില്ല. പ്രായമായ അച്ഛന്‍ ജോര്‍ജും അമ്മ മറിയാമ്മയും മകന്റെ ദുരന്തത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്.
Discussion about this post