ഷൊര്‍ണൂര്‍: ഗ്യാസ് ഏജന്‍സി ജീവനക്കാരനായ തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് കളക്ഷന്‍ പണമായ രണ്ടുലക്ഷം രൂപയും സഞ്ചരിച്ചിരുന്ന സ്കൂട്ടറും കവര്‍ന്ന കേസില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. പനമണ്ണ കളത്തില്‍ വീട്ടില്‍ മഹേഷ് (19), പനയൂര്‍ ചോലക്കല്‍ വീട്ടില്‍ സുബി കൃഷ്ണന് (24), പനയൂര്‍ ആറമ്പറ്റക്കളം വീട്ടില്‍ പ്രശാന്ത് (29) എന്നിവരെയാണ് ഷൊര്‍ണൂര്‍ എസ്ഐ എം സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളില്‍നിന്നും രണ്ട് വാളുകളും മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് ആര്‍എസ്എസ് ബന്ധവും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജനുവരി 12നായിരുന്നു സംഭവം. ഷൊര്‍ണൂര്‍ സില്‍വര്‍ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി മാണിക്കവാസവന് രാത്രി 8 മണിയോടെയാണ് കളക്ഷന്‍ തുകയുമായി സ്കൂട്ടിയില്‍ പോകുന്നതിനിടെ ആക്രമണത്തിന് ഇരയായത്. കയിലിയാട് മാമ്പറ്റപ്പടിയില്‍ വെച്ച് അക്രമികള്‍ മാണിക്കവാസനെ മര്‍ദ്ദിച്ച് ഉടമയെ ഏല്‍പ്പിക്കാന്‍ കൊണ്ടുപോയ 2 ലക്ഷംരൂപയും സ്കൂട്ടറും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇയാളെ ഇരുമ്പ് പട്ട കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് പണം വെച്ചിരുന്നത്.
കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് എസ്ഐ എം സുജിത്ത് പറഞ്ഞു. എ എസ്ഐ രാജശേഖരന്, വിനോദ് പി നായര്‍, സിപിഒമാരായ സജീഷ്, ഷിജി, ജയകുമാര്‍, അതുല്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Discussion about this post