എടക്കര: 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിച്ചെന്ന് അറിയിപ്പ്. തുടര്‍ന്ന് 3,600 രൂപ പണം അടച്ച് പാഴ്സല്‍ വാങ്ങിയ ആള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. സമ്മാനപ്പൊതി തുറന്നപ്പോള്‍ കിട്ടിയത് ഫോണിന് പകരം ബെല്‍റ്റും പഴ്സും. വഴിക്കടവിലെ ഹോട്ടല്‍ തൊഴിലാളിയായ ഷഹിന്‍ഷയ്ക്കാണ് തട്ടിപ്പിനിരയായത്. രണ്ടാഴ്ച മുമ്പാണ് മലയാളം സംസാരിക്കുന്ന യുവതി 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിച്ച വിവരം ഫോണില്‍ വിളിച്ച് അറിയിച്ചത്. മണിമൂളി പോസ്റ്റ് ഓഫിസില്‍ ആണ് പഴ്സല്‍ എത്തിയത്.
എന്നാല്‍ ഇത് പ്രദേശത്ത് ആദ്യ സംഭവമല്ല. സമാനമായ രീതീയില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായ പൂക്കുന്നന്‍ ഉസ്മാന്റെയും പണം നഷ്ടപ്പെട്ടിട്ടുണ്ട്. വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് സൂചന ലഭിച്ചത്. മറ്റു പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പുറത്തുപറയാന്‍ മടിക്കുകയാണെന്നാണ് പോലീസ് നല്കുന്ന സൂചന
Discussion about this post