ഇവിടെ സ്ത്രീകള്‍ക്ക് പേടിയാണ് പകലും രാത്രിയും പുറത്തിറങ്ങി നടക്കാന്‍ അതിലും ഭയമാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ വരുന്ന യുവാക്കളെ കണ്ടാല്‍, കാരണം മോഷണം..! മോഷ്ടാവിനെ പിടികൂടിയപ്പോള്‍ പോലീസ് പോലും ഞെട്ടി; മൂന്നര മാസത്തിനുള്ളില്‍ ചാലക്കുടിക്കാരന്‍ മോഷ്ടാവ് ഉണ്ടാക്കിയത് 12 ലക്ഷം രൂപ

തൃശ്ശൂര്‍: ചാലക്കുടി നഗരത്തിലെ ഉള്‍പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് പേടിയാണ് പകലും രാത്രിയും പുറത്തിറങ്ങി നടക്കാന്‍ അതിലും ഭയമാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ വരുന്ന യുവാക്കളെ കണ്ടാല്‍. കാരണം മറ്റൊന്നുമല്ല, ഒരു ഹെല്‍മറ്റ് ധാരിയായ ബൈക്ക് യാത്രക്കാരന്‍ നിരന്തരം മാല പൊട്ടിച്ചിരുന്നു. കഴിഞ്ഞ മൂന്നര മാസത്തിനുള്ളില്‍ ഇരുപതിടത്താണ് മാല പൊട്ടിച്ചത്. ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളായിരുന്നു ഇരകള്‍.

തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ നിറയെ മാല പൊട്ടിച്ചെന്ന പരാതികള്‍ നിറഞ്ഞു. ഒടുക്കം ബൈക്കുകാരനെ തേടി പോലീസ് ഇറങ്ങി. അയാള്‍ പോയ വഴികളിലെ സിസിടിവി ക്യാമറകള്‍ പോലീസ് പരതി. ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങള്‍ കിട്ടി. പക്ഷേ, നമ്പര്‍ വ്യക്തമല്ല. എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ ബൈക്കില്‍ ഉണ്ടെന്നു മാത്രമായിരുന്നു സൂചന.

ശേഷം അന്വേഷണം ശക്തമാക്കി..

നേരത്തെ സമാന കേസുകളില്‍ അറസ്റ്റിലായ കുറ്റവാളികളെ അന്വേഷിച്ചു. എന്നാല്‍ അവരൊന്നും സംഭവ സമയത്ത് ചാലക്കുടി മേഖലയില്‍ ഇല്ല. ദൃശ്യങ്ങളില്‍ കണ്ട അതേ ബ്രാന്‍ഡ് ബൈക്കുകളുടെ നമ്പറുകള്‍ ശേഖരിച്ചു. അമ്പതോളം ബൈക്കുകള്‍. ഇതില്‍ നിന്നു സംശയമുള്ള എട്ടു ബൈക്കുകള്‍ പോലീസ് പ്രത്യേകം നിരീക്ഷിച്ചെങ്കിലും മാലപൊട്ടിക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പ്രതിയെ കണ്ടെത്താനുമായില്ല. മൊബൈല്‍ ടവറിനു കീഴിലെ ലക്ഷണക്കണക്കിനു ഫോണ്‍ കോളുകള്‍ നീരിക്ഷിക്കുകയായിരുന്നു പോലീസ് ചെയ്തത്. മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ചു.

സംഭവ സമയത്തും അതിനു ശേഷവും സജീവമായ യുവാക്കളുടെ ഫോണുകള്‍ പ്രത്യേകം തെരഞ്ഞെടുത്തു. ഈ യുവാക്കള്‍ വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചു. അതില്‍ കുറ്റിച്ചിറ സ്വദേശി അമല്‍ നിരവധി തവണ പലഭാഗത്തുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്കു വിളിച്ചതായി കണ്ടെതിയതാണ് വഴിത്തിരിവായത്. അമലിന്റെ ഫോട്ടോയുമായി പോലീസ് സംഘം പണ്ടം പണയ സ്ഥാപനത്തില്‍ എത്തി. ഈ യുവാവ് ആറ് മാലകള്‍ ഇവിടെ പണയപ്പെടുത്തിയിട്ടുള്ളതായി സ്ഥാപനം സ്ഥിരീകരിച്ചു. എന്നാല്‍ അമലിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിക്കുകയാണ് ചെയ്തത്.

മാലകള്‍ എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ലഭിച്ചില്ല. അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍, സഹോദരന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍. സാധാരണ കുടുംബം. പത്ര വിതരണത്തില്‍ നിന്നു കിട്ടുന്ന വരുമാനം അനുസരിച്ചുള്ള ജീവിതമായിരുന്നില്ല അമലിന്റേത്. കണക്കുകള്‍ പോലീസ് നിരത്തിയതോടെ അമലിനു് താളം തെറ്റി.

അമല്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസ് പോലും ഞെട്ടി. സ്ഥിരമായി പത്രം ഇടുന്നത് ഇടംകൈ കൊണ്ടാണ്. ഇടം കൈയ്ക്കു നല്ല കരുത്തുണ്ട്. വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചതെല്ലാം ഇടം കൈ കൊണ്ടായിരുന്നു.

മാല വിറ്റും പണയംവച്ചും സ്വരൂപിച്ച പണം ധൂര്‍ത്തടിച്ചത് കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളില്‍. വീടിനടുത്തുള്ള സുഹൃത്തുക്കളേയും ഒപ്പം വിളിച്ചായിരുന്നു പോക്ക്. പ്ലസ്ടുവാണ് വിദ്യാഭ്യാസം. അയല്‍പക്കത്തെ വീടുകളില്‍ സ്ഥിരമായി സിഎഫ്എല്‍ ബള്‍ബുകള്‍ മോഷണം പോകുമായിരുന്നു. അതിലെ പ്രതി അമലാണെന്നു അയല്‍ക്കാര്‍ പരാതി പറയുമായിരുന്നു. ബള്‍ബ് മാറ്റി മാല പിടിച്ചുപറി തുടങ്ങിയതോടെ വരുമാനം ഉയര്‍ന്നു. മൂന്നര മാസത്തിനിടെ അമലിന്റെ വരുമാനം പന്ത്രണ്ടു ലക്ഷം രൂപ. പണയപ്പെടുത്തിയ പതിനാലു മാലകള്‍ പൊലീസ് കണ്ടെടുത്തു.

Exit mobile version