ന്യൂഡല്‍ഹി: എതിര്‍ലിംഗത്തില്‍പ്പെട്ടവരില്‍ നിന്ന് മാറി നില്‍ക്കണമെന്നതാണ് നൈഷ്ഠിക ബ്രഹ്മചര്യം എന്നതുകൊണ്ട് വ്യക്തമാകുന്നതെന്ന് പന്തളം കുടുംബം സുപ്രീം കോടതിയില്‍. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം വിശ്വാസത്തിന്റെ ഭാഗമായാണെന്നും പന്തളം കൊട്ടാരത്തിനുവേണ്ടി അഡ്വ. സായ് ദീപക് കോടതിയില്‍ പറഞ്ഞു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കവേയാണ് സായ് ദീപക് കോടതിയില്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം, വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ആചാരങ്ങള്‍ തുല്യതയ്ക്ക് മുകളിലല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കുന്നത് അഡ്വ. ജയ്ദീപ് ഗുപതയാണ്.
അതിനിടെ, ഹര്‍ജികളില്‍ എത്രയും പെട്ടെന്ന് വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം കോടതിയില്‍ ബഹളത്തില്‍ കലാശിച്ചു. വാദിക്കാനായി അവസരം തേടി അഭിഭാഷകര്‍ തമ്മില്‍ ബഹളം വെയ്ക്കുകയായിരുന്നു.