പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം തടയാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്നെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍. സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ കാത്തു നിന്നിരുന്നെന്ന പ്രസ്താവന തിരുത്തിയാണ് രാഹുല്‍ രംഗത്തെത്തിയത്. യുവതി പ്രവേശനം തടയാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്ന ആളുകളെ താന്‍ പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. ഗാന്ധി മാര്‍ഗം കൈവെടിയരുതെന്നാണ് താന്‍ അവരോട് പറഞ്ഞത്. പിണറായി വിജയന്റെ പോലീസ് പരാജയപ്പെട്ടത് അയ്യപ്പനോട് ആണ്. അതിനാല്‍ ഒരു ഈഗോ ഇഷ്യു ആയി ഇതിനെ കാണരുതെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
ശക്തനായ മുഖ്യമന്ത്രി പരാജയം മറച്ച് വക്കാനാണ് ഇപ്പോള്‍ പ്രകോപനപരമായി ഇപ്പോള്‍ സംസാരിക്കുന്നത്. സവര്‍ണ അവര്‍ണ പോരുണ്ടാക്കാനാണ് പിണറായി വിജയന്‍ നിലവില്‍ ശ്രമിക്കുന്നത്. വിശ്വാസികളുടെ വികാരം കാണാതെ പോകരുതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ ഇനിയും ഞങ്ങള്‍ അവിടെയുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് വാശിയില്‍ നിന്ന് പിണറായി വിജയന്‍ പിന്മാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
നേരത്തെ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള പ്ലാന്‍ ബിയും സിയും ഇതായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ വിശദമാക്കിയിരുന്നു . സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. പ്രസ്താവനയ്ക്ക് നേരെ കടുത്ത വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍ എത്തിയത്.
Discussion about this post