ന്യൂഡല്‍ഹി: യുക്തികൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ല ക്ഷേത്രമാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി. വിശ്വാസത്തെ ഭരണഘടനാ ധാര്‍മികത കൊണ്ട് അളക്കരുതെന്നും അദ്ദേഹം പറയുന്നു. ഇന്ദു മല്‍ഹോത്ര മാത്രമേ കൃത്യമായി നൈഷ്ഠിക ബ്രഹ്മചര്യ വാദങ്ങള്‍ കണക്കില്‍ എടുത്തുള്ളൂവെന്നും സിംഗ്വി പറഞ്ഞു.
ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തില്‍ മതാചാരങ്ങളിലെ യുക്തി അളക്കുന്നത് ശരിയല്ല. അതില്‍ ഭരണഘടനാ ധാര്‍മ്മിക ഉപയോഗിക്കുന്നത് ഉചിതമല്ല. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം നാളിത്രയും അനുഷ്ഠിച്ചു വന്ന വിശ്വാസമാണ്. പ്രത്യേക രൂപ ഭാവങ്ങളിലാണ് വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുന്നത്. ശബരിമലയില്‍ നൈഷ്ഠിക ബ്രഹാമചര്യ ഭാവം. അത് അംഗീകാരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ എല്ലാം ഇല്ലാതാകുമെന്നും സിംഗ്വി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ സിംഗ്വി ഇപ്പോള്‍ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നുവെന്നും ദേവസ്വം ബേര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞു.
എന്നാല്‍ താന്‍ ബോര്‍ഡിന് വേണ്ടിയല്ല മുന്‍ ബോര്‍ഡ് ചെയര്‍മാന് വേണ്ടിയാണ് ഹാജരാകുന്നതെന്ന് സിംഗ്വി പറഞ്ഞു