തൃശ്ശൂര്‍: ഒഡീഷയിലെ അഞ്ച് എടിഎം കൗണ്ടറുകളിലൂടെ തട്ടിയെടുത്തത് 1.18 ലക്ഷം രൂപ അതും മണിക്കൂറുകളുടെ വ്യത്യാസത്തില്‍. തൃശ്ശൂര്‍ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടന്നത്. ഡെബിറ്റ് കാര്‍ഡ് കയ്യിലുണ്ടായിട്ടും എടിഎം കൗണ്ടറിലൂടെ പണം എങ്ങനെ നഷ്ടമായതെന്ന അമ്പരപ്പിലാണ് ഇദ്ദേഹം. ഇന്റര്‍നെറ്റില്‍ വില്പനയ്ക്കു വച്ചിരിക്കുന്ന മാഗ്നെറ്റിക് സ്ട്രിപ് വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ എടിഎം കാര്‍ഡ് നിര്‍മിച്ചു പണം പിന്‍വലിക്കാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ബ്രോഡ്ബാന്‍ഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ചാലക്കുടി മേലൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍നിന്ന് ജനുവരി 29,30 തീയതികളില്‍ അര്‍ധരാത്രിയാണ് പണം പിന്‍വലിച്ചത്. എന്നാല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ പോലെ സംശയാസ്പദമായ കോളുകളോ എസ്എംഎസുകളോ ലഭിച്ചില്ലെന്ന്. അര്‍ധരാത്രി 12 മണിക്കും മുമ്പും ശേഷവും ഇടപാടുകള്‍ നടന്നതിനാല്‍ രാവിലെ മാത്രമാണ് വിവരമറിഞ്ഞത്. ഒഡിഷ പുരിയിലെ ആചാര്യ ഹരിഹര്‍ സ്ക്വയര്‍, ബഡാന്ഡ, റിസര്‍വ് പൊലീസ് ലെയ്ന്‍, എസ്സിസി കോളജ് എന്നിവിടങ്ങളില്‍ എടിഎമ്മുകളില്‍ നിന്നാണ് പണം പിന്‍വലിക്കപ്പെട്ടത്.
വയനാട്ടില്‍ നിന്നാണ് അവസാനമായി എടിഎം ഉപയോഗിച്ചത്. 20,000 രൂപ വീതമാണ് ഏഴോളം ഇടപാടുകളിലായി പിന്‍വലിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് പഴയ കാര്‍ഡ് മാറ്റി ചിപ്പുള്ള കാര്‍ഡ് വാങ്ങിയിരുന്നു. ഇതു നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന്, ബ്ലോക്ക് ചെയ്ത് വീണ്ടും പുതിയ കാര്‍ഡ് വാങ്ങി. തൃശൂര്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ എടിഎം കാര്‍ഡ് നിര്‍മിക്കാനായി ആയിരക്കണക്കിനു മലയാളികളുടെ കാര്‍ഡുകളുടെ പിന്നിലുള്ള മാഗ്നെറ്റിക് സ്ട്രിപ്പിലുള്ള വിവരങ്ങളും ഇന്റര്‍നെറ്റില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ മാസം ‘മനോരമ’ നല്‍കിയിരുന്നു. 20,000 രൂപ ബാലന്‍സ് ഉള്ള ഒരു കാര്‍ഡിലെ മാഗ്നെറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍ക്ക് 3,100 രൂപയാണ് വില. ഒരു ലക്ഷത്തിലധികം രൂപയുള്ള
ഒരു ലക്ഷത്തിലധികം രൂപയുള്ള അക്കൗണ്ടാണെങ്കില്‍ 17,500 രൂപ മുടക്കിയാല്‍ മതി. ചിപ്പ് കാര്‍ഡുകള്‍ എത്തിയെങ്കിലും മിക്ക പഴയ എടിഎം മെഷീനുകളിലും മാഗ്നറ്റിക് സ്ട്രിപ് തന്നെയാണ് ഇപ്പോഴും റീഡ് ചെയ്യുന്നത്. എടിഎം മെഷീനുകളിലും കടകളില്‍ ഉപയോഗിക്കുന്ന പിഒഎസ് മെഷീനുകളില്‍ സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക സ്കിമ്മിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ശേഖരിക്കുന്നതാണ് മാഗ്നറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍. ഇത് മറ്റൊരു കാര്‍ഡിലേക്ക് മാഗ്നെറ്റിക് സ്ട്രിപ് റീഡര്‍ ആന്‍ഡ് റൈറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച് പകര്‍ത്തിയ ശേഷം എടിഎമ്മില്ലൂടെ പണം പിന്‍വലിക്കാം. സെക്യൂരിറ്റി ക്യാമറ, എടിഎമ്മിലെ കീപാഡിനു മുകളില്‍ അനധികൃതമായി സ്ഥാപിക്കുന്ന കീലോഗറുകള് എന്നിവയില്‍ നിന്ന് തട്ടിയെടുത്ത പിന് നമ്പറും വിവരങ്ങള്ക്കൊപ്പമുണ്ടാകും.
ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക..
കൃത്യമായ ഇടവേളകളില്‍ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുക, ബാങ്ക് എസ്എംഎസ് അലര്‍ട്ടുകള്‍ ആക്റ്റിവേറ്റ് ചെയ്യുക, ഔദ്യോഗിക വെബ്സൈറ്റുകളില്‍ മാത്രം കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുക, കടകളിലെ സിസിടിവി ക്യാമറകളില്‍ പതിയും വിധം പിഒഎസ് ഇടപാട് നടത്താതിരിക്കുക, അസ്വാഭിവക ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസിനെയും ബാങ്കിനെയും അറിയിക്കുക (ക്രൈം സ്റ്റോപ്പര്‍ നമ്പര്‍- 1090)
Discussion about this post