സീതത്തോട്: നാളിത്രയും ചങ്കും കരളായി ജീവിച്ചിരുന്ന ഉറ്റ സുഹൃത്തുക്കള്‍ ഒരുമിച്ച് ലോകത്തോട് വിടപറഞ്ഞതിന്റെ അമ്പരപ്പിലാണ് ആങ്ങമൂഴിയിലെ നിവാസികള്‍. കൂട്ടുകാരന്‍ മരിച്ചതറിഞ്ഞെത്തിയ സുഹൃത്ത് മൃതദേഹം കണ്ട് വീടിന് പുറത്തേക്കിറങ്ങവെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ആദ്യം മരിച്ചയാളിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് നില്‍ക്കവെ മറ്റൊരു സുഹൃത്തും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ആങ്ങമൂഴിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അയല്‍വാസികളും സുഹൃത്തുക്കളുമായ മൂന്നുപേര്‍ വിടപറഞ്ഞത്. ആങ്ങമൂഴി വടക്കേചരുവില്‍ രവീന്ദ്രന്‍(53), മഠത്തിനേത്ത് രവീന്ദ്രന്‍(60), പടിഞ്ഞാറ്റിന്‍കര വീട്ടില്‍ സന്തോഷ് (47) എന്നിവരാണ് മരണത്തിലും ഒരുമിച്ചത്. മൂവരും ആങ്ങമൂഴിയിലെ ഈറ്റ-തടി ലോഡിങ് തൊഴിലാളികളായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്ന ആങ്ങമൂഴി വടക്കേചരുവില്‍ രവീന്ദ്രന്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇദ്ദേഹത്തിന്റെ മൃതദേഹം കാണാനെത്തിയതായിരുന്നു സമീപവാസിയായ ആങ്ങമൂഴി മഠത്തിനേത്ത് വീട്ടില്‍ രവീന്ദ്രന്. മൃതദേഹം കണ്ടിറങ്ങിയ രവീന്ദ്രന് നെഞ്ചുവേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. ചൊവ്വാഴ്ചതന്നെ മഠത്തിനേത്ത് രവീന്ദ്രന്റെ ശവസംസ്‌കാരവും നടത്തി. വടക്കേചരുവില്‍ രവീന്ദ്രന്‍ മരിച്ചതുമുതല്‍ വീട്ടില്‍ ശവസംസ്‌കാര കാര്യങ്ങള്‍ക്കുള്‍പ്പെടെ പങ്കെടുത്ത് നില്‍ക്കുകയായിരുന്നു തൊട്ടടുത്ത താമസക്കാരനും ബന്ധുവുമായ പടിഞ്ഞാറ്റിന്‍കര വീട്ടില്‍ സന്തോഷ്.
ചൊവ്വാഴ്ച രാവിലെ 11-മണിയോടെ രവീന്ദ്രന്റെ ശവസംസ്‌കാരകര്‍മത്തിനുള്ള പ്രാര്‍ത്ഥനയും മറ്റും നടന്നുകൊണ്ടിരിക്കെ സന്തോഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹവും മരണപ്പെട്ടു. സന്തോഷിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ശവസംസ്‌കാരം വ്യാഴാഴ്ച 12-ന് വീട്ടുവളപ്പില്‍ നടക്കും. വടക്കേചരുവില്‍ രവീന്ദ്രന്റെ ഭാര്യ വാസന്തി. മക്കള്‍: അച്ചു, കിച്ചു. സന്തോഷിന്റെ ഭാര്യ: അമ്പിളി. മക്കള്‍: ശ്രീകുമാര്‍, ശ്രീക്കുട്ടി.
Discussion about this post