തിരുവനന്തപുരം: മാതൃഭൂമി കഥാമത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടും പുരസ്കാര തുക നല്‍കാതെ ഉപദേശം നല്കി തിരിച്ചയച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര് രംഗത്ത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥാകാരി സ്നേഹ തോമസ് തന്റെ കഥ പിന്‍വലിച്ചിരുന്നു. പിന്നാലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പത്ത് കഥകളിലൊന്നായ ‘അശാന്തരാത്രി’യുടെ രചയിതാവ് ജിബിന്‍ കുര്യനും കൃതി പിന്‍വലിച്ചു.
പുരസ്കാരദാന ദിനത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ച് ജിബിന്‍ കുര്യന് പോസ്റ്റ് ചെയ്ത കുറിപ്പ്:
മാതൃഭൂമിയിൽ നിന്ന് കഥ പിൻവലിക്കുന്നു. മാതൃഭൂമിയുടെ നിലപാടുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു
_________________
മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ രണ്ടായിരത്തിലധികം കഥകളിൽനിന്ന് അവസാന പത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കഥകളിൽ ‘അശാന്തരാത്രി’ എന്ന എന്റെ കഥയും ഉൾപ്പെട്ടിരുന്നു. ആദ്യമൂന്നു സമ്മാനങ്ങൾ (2 ലക്ഷം, 1 ലക്ഷം, 75,000) കൊടുക്കുന്നില്ല എന്ന് മാതൃഭൂമിയുടെ സംഘാടകർ നേരത്തെ തന്നെ വിളിച്ച് അറിയിച്ചിരുന്നു. അതിനുള്ള യോഗ്യത ഈ 10 കഥകൾക്കും ഇല്ലത്രേ. എന്റെ പ്രധാന വിമർശനം അതിനോട് അല്ല. ഈ കഥകളുടെ വിധി പ്രഖ്യാപിച്ചുകൊണ്ട് മാതൃഭൂമി ഇറക്കിയ പ്രസ്താവനയിലെ നിലപാടുകളോടും സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ ചെന്നപ്പോൾ ഉണ്ടായ ചില അനുഭവങ്ങളോട്ടുമാണ്
1 ‘സമ്മാനത്തുകയുടെ പ്രലോഭനം ആകരുത് എഴുത്തിന്റെ മുഖ്യ പ്രചോദന’മെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനാണു പോലും സമ്മാനത്തുക നൽകാത്തതിന്റെ ഒരു കാരണം. മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു വാക്യമാണിത്. 2010 മുതൽ എഴുതുന്നുണ്ടെങ്കിലും ഭൗതികമായ യാതൊരു ലാഭവും അതിലൂടെ എനിക്ക് കിട്ടിയിട്ടില്ല. പല കഥകളും എഴുതി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. സമയവും ഊർജ്ജവും നഷ്ടപ്പെടുത്തി വീണ്ടും വീണ്ടും എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. അങ്ങനെ അടുത്തകാലത്ത് എഴുതി കീറിക്കളയാൻ തോന്നാതിരുന്ന ഒരു കഥയാണ് ‘അശാന്തരാത്രി’ . അതാണ് ഈ മത്സരം വന്നപ്പോൾ മാതൃഭൂമിക്ക് അയച്ചത്. സാമ്പത്തിക മോഹം അല്ല എൻറെ എഴുത്തിൻറെ മുഖ്യ പ്രചോദനം എന്നതുകൊണ്ട് വിധി പ്രസ്താവനയിലെ ഈ ഒരു വാക്യം എനിക്ക് ഉൾക്കൊള്ളാൻ കഴിയില്ല.
2 കഥയെഴുത്ത് ഉദാസീനമായി ചെയ്തു തീർക്കേണ്ടത് അല്ലെന്നും എഴുത്തിനു വേണ്ടി 100% സമർപ്പിക്കണമെന്നും വിധിപ്രസ്താവത്തിൽ കാണുന്നു.
എനിക്ക് ജോലിക്ക് പോകണമെന്നും കുടുംബ ജീവിതം നയിക്കണമെന്നും ആഗ്രഹമുണ്ട്. എഴുത്തിനുവേണ്ടി 100% സമർപ്പിക്കുവാൻ എന്നെക്കൊണ്ട് കഴിയില്ല. ധ്യാനാത്മകമായി ദിവസങ്ങൾ കുത്തിയിരിക്കുവാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല. അങ്ങനെ ഉദാത്തമായ കഥകൾ എഴുതണമെന്ന് ആഗ്രഹവുമില്ല. എഴുത്തച്ഛനിൽ മാത്രമല്ല പാടത്ത് പണിയുന്ന പെണ്ണുങ്ങളുടെ പാട്ടിലും ജീവിതമുണ്ട്. അത്ര ഉദാത്തമോ സാഹിതീയമോ ആയിരിക്കില്ല അവരുടെ പാട്ടും ജീവിതവും. 100% സമർപ്പിക്കാൻ അവർക്ക് കഴിയില്ല. പണി ചെയ്യണം. എൻറെയും ഗതി അതുതന്നെയാണ്.
3, തിരഞ്ഞെടുക്കപ്പെട്ട കഥാകൃത്തുക്കളെ ഒരു മരച്ചോട്ടിൽ കൊണ്ടിരുത്തി (വേണ്ടത്ര തണൽ തരാൻ പോലും ആവതില്ലാത്ത ഒരു ആൽമരം ആയിരുന്നു അത് എന്നാണ് ഓർമ്മ) കുറെ ഉപദേശവും (ചെറുപ്പംമുതലേ ഉപദേശങ്ങൾ കേട്ടാൽ എനിക്ക് വയറുവേദന ഉണ്ടാകും) ഒരു സർട്ടിഫിക്കറ്റും തന്ന് പറഞ്ഞു വിടുകയാണ് ചെയ്തത്. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും കാലംമുതലേ മരച്ചുവടുകൾ കലയുടെയും വിജ്ഞാനത്തെയും ഒക്കെ വിനിമയ സ്ഥാനമായിരുന്നു എന്നാണ് സുഭാഷ് ചന്ദ്രൻ പറഞ്ഞത്. അവിടെ തന്നെ അപ്പുറത്ത് ഒരു വലിയ ഹാളിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തുന്നുണ്ടായിരുന്നു. മറ്റു വേദികളും സ്റ്റേജും കാണികളിരിക്കുന്നതുമായ രീതിയിൽ സംവിധാനം ചെയ്തതും ആയിരുന്നു. എന്നാൽ ഞങ്ങൾക്ക് മാത്രമാണ് ഈ ഉദാത്തമായ മരച്ചുവട് അദ്ദേഹം മാറ്റിവച്ചത് (സുനിൽ പി ഇളയിടത്തിന് ഹാളിനേക്കാൾ മരച്ചുവട് തന്നെയാകും ഇഷ്ടപ്പെടുക എന്നകാര്യത്തിൽ സംശയമില്ല)
ആ പത്തുപേർ ആരൊക്കെയാണ് എന്ന് ബെന്യാമിൻ ചോദിച്ചപ്പോൾ കാണികൾക്കിടയിൽ (കാണികൾ 20 പേർ കഷ്ടിച്ചു കാണും) നിന്ന് കൈപൊക്കി ‘ഞങ്ങളാണ് ആ മഹാന്മാർ’ എന്ന് പറയേണ്ടി വന്നു.
4, സമ്മാനത്തുകയായി ഒന്നും തന്നില്ലെങ്കിലും അതിഥിയായി ക്ഷണിച്ചു വരുത്തിയതുകൊണ്ട് ചായക്കാശും വണ്ടിക്കൂലിയും കൊടുക്കാനുള്ള മാന്യത മാതൃഭൂമിക്ക് കാണിക്കാമായിരുന്നു. 150 രൂപയാണ് ഒരാൾക്ക് പാസ്. എന്റെ കൂടെ വന്നവർക്ക് പാസ് എടുക്കേണ്ടിവന്നു. അതെങ്കിലും ഒഴിവാക്കാമായിരുന്നു.
5, ഒരുമണിക്കൂറോളം സുഭാഷ് ചന്ദ്രനും മറ്റും ഞങ്ങളെ ഉപദേശിച്ചെങ്കിലും ഞങ്ങളുടെ ഏതെങ്കിലും ഒരു കഥയെ പരാമർശിക്കുകയോ നല്ലതോ ചീത്തയോ ആയ വശങ്ങൾ ചൂണ്ടിക്കാട്ടുകയോ ചെയ്തില്ല. ഞങ്ങൾ കേമന്മാരും നിങ്ങളൊക്കെ ഊളകളും ആണെന്ന് ഒറ്റ വാക്യത്തിൽ പറയേണ്ട കാര്യം ഒരു മണിക്കൂർ കൊണ്ട് നല്ല ഭാഷയിൽ പരത്തി പറയുകയാണ് അവർ ചെയ്തത്.
6, പഴയ ജന്മി കാരണവന്മാരുടെ മുൻപിൽ ഓച്ചാനിച്ചു നിൽക്കേണ്ടി വന്ന അടിയാള അനുഭവം ആണ് എനിക്ക് ഉണ്ടായത്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ
1, സ്വർഗീയ പിതാവായ ദൈവം – എം ടി വാസുദേവൻ നായർ . അദ്ദേഹം പ്രത്യക്ഷനല്ല
2, ദൈവം അയച്ച പുത്രനായ മിശിഹാ- സുഭാഷ് ചന്ദ്രൻ
3, നമ്മൾ പാപികളായ വെറും മനുഷ്യർ
സാഹിത്യ സ്വർഗ്ഗത്തിലേക്ക് കയറുവാൻ യോഗ്യരല്ലാത്തവർ
7, സാഹിത്യത്തെ അത്രമേൽ ഉദാത്തവും ശുദ്ധവും മൗലികവും ആയി കാണേണ്ട കാര്യമില്ലെന്നാണ് എൻറെ അഭിപ്രായം. അതുകൊണ്ടുതന്നെ ഇത്ര ഭീമമായ തുക ഒരു കഥയ്ക്ക് നൽകേണ്ടതില്ല. എന്നാൽ മികവുതെളിയിച്ച കഥകൾക്ക് അവർക്ക് അത് എഴുതാൻ എടുത്ത സമയത്തിന്റെയും അച്ചടി ചിലവിന്റെയുമെങ്കിലും പൈസ കൊടുക്കണമായിരുന്നു.
ഇതുകൊണ്ടൊക്കെത്തന്നെ മാതൃഭൂമിയുടെ ഏതെങ്കിലും പ്രസാധന സംരംഭങ്ങൾ എൻറെ കഥ പ്രസിദ്ധീകരിക്കുന്നതിൽ എനിക്ക് താൽപര്യമില്ല. (ഇതു സംഘാടകരെ അറിയിച്ചുകഴിഞ്ഞു)
Discussion about this post