കൊച്ചി: സഭയെ നാണംകെടുത്തുന്ന രീതിയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി മാര്‍ഗരേഖ പുറത്തിറക്കി കെസിബിസി. ലൈംഗികാതിക്രമം ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കാനും വൈദികര്‍ അന്വേഷണവുമായി സഹകരിക്കാനും മാര്‍ഗ രേഖ നിര്‍ദേശിക്കുന്നുണ്ട്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഉള്‍പ്പടെയുള്ള സഭയിലെ ഉന്നതര്‍ക്ക് നേരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ നടപടി. സാധാരണ മെത്രാന്‍മാര്‍ക്കാണ് മാര്‍ഗരേഖ നല്‍കാറുള്ളതെങ്കിലും ഇത്തവണ സഭയിലെ മുഴുവന്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഇടയില്‍ മാര്‍ഗരേഖ നല്‍കാനാണ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗീകാതിക്രമങ്ങളില്‍ സഭാനിയമപ്രകാരം കര്‍ശന നടപടി വേണം. ഇതോടൊപ്പം പോലീസിനെയും അറിയിക്കണം. വൈദികര്‍ ലൈംഗിക അതിക്രമ കേസുകളിലെ പോലീസ് അന്വേഷണവുമായി സഹകരിക്കണമെന്നും മാര്‍ഗരേഖ വിശദീകരിക്കുന്നു.
പീഡനത്തിനിരയാകുന്നവരോട് സഭയിലുള്ളവര്‍ അനുഭാവപൂര്‍വ്വമായ നടപടിയാണ് സ്വീകരിക്കണ്ടത്. കുട്ടികള്‍ക്കെതിരായ ലൈഗീകാതിക്രമം പൊറുക്കാനാകാത്ത കുറ്റമായി കണക്കാക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വൈദികര്‍ ഒപ്പം താമസിപ്പിക്കരുത്. അവരുമായി ദീര്‍ഘദൂരയാത്ര പോകുകയോ വസ്ത്രങ്ങളില്ലാത്ത ദൃശ്യങ്ങള്‍ എടുക്കുകയോ പാടില്ല. ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന തമാശകളില്‍ നിന്ന് വൈദികരോട് വിട്ട് നില്‍ക്കാനും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
കൊച്ചിയില്‍ ഈയിടെ സമാപിച്ച സിറോ മലബാര്‍ സഭ സിനഡും ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സഭയില്‍ വൈദികരും വിസ്വാസികളും ഉള്‍പ്പെട്ട പരാതിപരിഹാര സെല്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.