കൊച്ചി: വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ യുവാവിന് പരിക്കേറ്റ സംഭവത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും, മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ലത് ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.
ചിറ്റിലപ്പിള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും കോടതി തുറന്നടിച്ചു. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചിറ്റിലപ്പള്ളിയോട് കോടതി ചോദിച്ചു. ചിറ്റിലപ്പിള്ളിയെ പോലെയുളള ഒരാള്‍ക്ക്, സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്ക്കാന് സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാക്കാന്‍ സാധിക്കുന്നില്ലേയെന്നും അത് അമ്പരപ്പിക്കുന്ന ഒന്നാണെന്നും കോടതി പറയുന്നു. വിജേഷിന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്കുന്നില്ലെങ്കില് ചിറ്റിലപ്പിള്ളി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
2002ലാണ് വീഗാലാന്‍ഡില്‍ വെച്ച് വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വര്‍ഷങ്ങളായി കിടന്ന കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നല്‍കാമെന്നുമാണ് ചിറ്റിലപ്പിള്ളി കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചിറ്റിലപ്പിള്ളിയെ രൂക്ഷമായി വിമര്‍ശിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിജേഷ് വിജയന് നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
Discussion about this post