കൊച്ചി; ബിഎസ്എന്‍എല്‍ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്ക്ക് ചെക്ക് കേസില്‍ ശിക്ഷ. 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കുംവരെ തടവുമാണ് ശിക്ഷ. ആലപ്പുഴ മുല്ലയ്ക്കല് സ്വദേശി ആര് അനില്‍ കുമാറില്‍ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരിച്ചു നല്‍കാത്ത കേസിലാണ് ശിക്ഷ. അനിലിന് നല്കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഇതോടെയാണ് നിയമ നടപടികള്‍ തുടങ്ങിയത്.
2014ല്‍ രഹ്നയെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 2,10,000 രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. പിഴ അടച്ച് ഒരു ദിവസം കോടതി നടപടി അവസാനിക്കുംവരെ തടവ് അനുഭവിക്കാനാണ് ഹൈക്കോടതിയും വിധിച്ചത്. അപ്പീല്‍ പരിഗണിച്ച് ഇളവൊന്നും നല്‍കിയില്ല. ഇതോടെ തിങ്കളാഴ്ച രഹ്ന ആലപ്പുഴ സിജെഎം സികെ മധുസൂദനന് മുമ്പാകെ ഹാജരായി 2,10,000 രൂപ പിഴ അടച്ചു. കോടതി നടപടി അവസാനിക്കുംവരെ പ്രതിക്കൂട്ടിലും നിന്നു. അങ്ങനെ ചെക്ക് കേസില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
നിലവില്‍ മതവികാരം വ്രണപ്പെടുത്തുന്ന വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ ജാമ്യത്തിലാണ് രഹ്ന ഫാത്തിമ. കര്‍ശന നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രഹ്ന ഫാത്തിമ സമര്‍പ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട ചീഫ് മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.
ദിവസങ്ങള്‍ക്കകം രഹ്നയെ അവര്‍ ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹ്നക്ക് വേണ്ടി നല്കിയ ജാമ്യഹര്‍ജികള്‍ തുടര്‍ച്ചയായി രണ്ടു വട്ടം നിരസിക്കപ്പെട്ടിരുന്നു.
Discussion about this post