തൃശ്ശൂര്‍: ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ ഒന്നിനെതിരെ നാല് മത്സരങ്ങള്‍ക്ക് അടിയറവ് പറഞ്ഞ ന്യൂസിലാന്‍ഡ് സംഘത്തിനെ ട്രോളി കേരളാ പോലീസിലെ ട്രോളന്മാര്. ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യന്‍ സംഘം ന്യൂസിലാന്‍ഡ് ടീമിനെ വന്മാര്ജിനില് പരാജയപ്പെടുത്തിയപ്പോള്‍ ന്യൂസീലാന്‍ഡ് ടീമിനെ അവരുടെ നാട്ടിലെ ഈസ്റ്റേണ്‍ ജില്ലാ പോലീസ് ട്രോളിയിരുന്നു. പോലീസിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ഈ ട്രോള്‍. ഇതോടെ കേരള പോലീസില്‍ മാത്രമല്ല ട്രോളന്മാരുള്ളതെന്ന് ചൂണ്ടിക്കാട്ടി ന്യൂസീലാന്‍ഡ് ഈസ്റ്റേണ്‍ ജില്ലാ പോലീസിന്റെ ട്രോള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
എന്നാലിപ്പോള്‍ ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് കേരള പോലീസിന്റെ ട്രോള്‍ ടീം. നിഷ്കളങ്കരായ ന്യൂസീലാന്ഡുകാരെ ഒരു കൂട്ടം ഇന്ത്യക്കാര്‍ തല്ലിച്ചതച്ചതായി കേള്‍ക്കുണ്ടെന്നും അത് കിവി ജ്യൂസ് ഇഷ്ടപ്പെടുന്ന നീല വസ്ത്രധാരികളായ ഒരു കൂട്ടം ആള്‍ക്കാരാണെന്ന് കണ്ടെത്തിയെന്നുമാണ് കേരള പോലീസിന്റെ ട്രോള്‍. ട്രോഫിയുമായിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചിത്രത്തോടൊപ്പമാണ് ഈ ട്രോള്‍ കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ചിരിക്കുന്നത്.
നേരത്തെ ന്യൂസിലാന്‍ഡ് സംഘത്തിനോടുള്ള ന്യൂസിലാന്‍ഡ് പോലീസിന്റെ ട്രോള്‍ ഇങ്ങനെയായിരുന്നു: ‘നിലവില്‍ ഇവിടെ പര്യടനം നടത്തുന്ന ഒരു സംഘം വിദേശികള്‍ക്കെതിരേ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്: പാവങ്ങളായ ന്യൂസീലന്‍ഡുകാരെ ഈ സംഘം കഴിഞ്ഞാഴ്ച്ച നേപ്പിയറിലും മൗണ്ട് മോന്ഗനുയിയിലും അപമാനിച്ചതായി സാക്ഷി മൊഴിയുണ്ട്. ക്രിക്കറ്റ് ബാറ്റ്, പന്ത്, അതിനോട് സാമ്യമുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ എന്നിവ കൊണ്ടുനടക്കുന്നവര്‍ ഈ വിദേശ സംഘത്തെ പ്രത്യേകം സൂക്ഷിക്കുക’. ഇതായിരുന്നു ആ ട്രോള്‍.
Discussion about this post