തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടത്തിയ നടയടച്ചുള്ള ശുദ്ധിക്രിയയില്‍ തെറ്റില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരുടെ വിശദീകരണം. ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തിലാണ് ശുദ്ധിക്രിയയെ തന്ത്രി ന്യായീകരിക്കുന്നത്. യുവതീദര്‍ശനം സ്ഥിരീകരിച്ചതിന് പിന്നാലെ ശബരിമല നടയടയ്ക്കുകയും ശുദ്ധിക്രിയ നടത്തുകയും ചെയ്ത സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു.
തന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും. ആചാരലംഘനമുണ്ടായപ്പോഴാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നത്. ഇതില്‍ തെറ്റില്ലെന്നും തന്ത്രി ദൂതന് വഴി സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത ദിവസം ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തന്ത്രിയുടെ വിശദീകരണം പരിശോധിക്കും. യുവതികള്‍ കയറിയതിന് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം ആരാഞ്ഞത്. 15 ദിവസമായിരുന്നു അനുവദിച്ചിരുന്ന സമയം.
Discussion about this post