കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന തന്റെ നിലപാട് വ്യക്തമാക്കിയതോടെ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ സിപിഎം ഇന്നസെന്റിന് പകരക്കാരനെ തേടുന്നു. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇന്നസെന്റ് മനസ്സുമാറ്റുമെന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ.
2014 ല്‍ കോണ്‍ഗ്രസിലെ പിസി ചാക്കോയെ പതിമൂന്നായിരത്തില്‍പ്പരം വോട്ടിന് അട്ടിമറിച്ച് പാര്‍ലമെന്റിലെത്തിയ ഇന്നസെന്റ് പക്ഷേ ഇത്തവണ മത്സരത്തിനിറങ്ങുന്ന ലക്ഷണമില്ല. ഇതോടെയാണ് സ്ഥാനാര്‍ഥിക്കായി സിപിഎം അന്വേഷണം തുടങ്ങിയത്.
രണ്ടു ജില്ലകളിലായി കിടക്കുന്ന മണ്ഡലമായതുകൊണ്ടു തന്നെ തൃശ്ശൂര്‍ – എറണാകുളം ജില്ലകളില്‍ പരിചിതമായ മുഖങ്ങളെയാണ് തേടുന്നത്. മുന്‍ രാജ്യസഭാഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവാണ് ഇതില്‍ പ്രമുഖന്‍. മാള സ്വദേശിയായ രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. എന്നാല്‍ ഈ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലത്തില്‍ ജയമുറപ്പുണ്ടെങ്കില്‍ മാത്രമേ രാജീവിനേപ്പൊലൊരാളേ മത്സരിപ്പിക്കാവൂ എന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കളുടെ വാദം.
യാക്കോബായ സഭയ്ക്ക് പ്രാമുഖ്യമുളള മണ്ഡലത്തില്‍ മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനേയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും പരിഗണനാ പട്ടികയില്‍ നിന്ന് ഇന്നസെന്റിനെ ഒഴിവാക്കിയിട്ടില്ലെന്നുമാണ് സിപിഎം നിലപാട്.
അതേസമയം, ഇന്നസെന്റ് മത്സരിക്കുമോ ഇല്ലയോ എന്നറഞ്ഞിട്ടേ ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനമാകൂ. മത്സരിക്കാന്‍ തയാറാണെന്ന് മുന്‍ എം പി കെപി ധനപാലന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ചാലക്കുടിയില്‍ മത്സരിക്കണോയെന്ന കാര്യത്തില്‍ ഇന്നസെന്റിന് പാര്‍ട്ടിക്ക് മുന്നില്‍ ഉടന്‍ നയം വ്യക്തമാക്കേണ്ടിവരും.
അതേസമയം, വിദ്യാഭ്യാസ മന്ത്രിയായ പ്രൊഫ. സി രവീന്ദ്രനാഥിനെ രാജിവെപ്പിച്ച് മത്സരിപ്പിക്കണമെന്നൊരു അഭിപ്രായവും സിപിഎമ്മില്‍ ശക്തമാണ്.