തൃശ്ശൂര്‍: ഇനി പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിട. പകരം കപ്പയും ചോളവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബാഗുകള്‍ രംഗപ്രവേശനത്തിന് ഒരുങ്ങുന്നു. തൃശ്ശൂര്‍ ഒല്ലൂര്‍ക്കര ബ്ലോക്കിലെ ക്ലീന്‍ ആര്‍മിയാണ് ബാഗുകള്‍ക്ക് പ്രചാരണം നല്‍കുന്നത്. എന്നാല്‍ ഈ ബാഗുകള്‍ പാലാസ്റ്റിക് ബാഗുകളേപ്പോലെ മണ്ണില്‍ കിടക്കില്ല. ഇവ വെറും 260 ദിവസം കൊണ്ട് മണ്ണില്‍ ലയിക്കും എന്നാണ് വിലയിരുത്തല്‍.
പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പ്രകൃതിയ്ക്ക് ഉണ്ടാവുന്ന ഒരു ദോഷവും ഈ ബാഗ് കത്തിക്കുമ്പോള്‍ ഉണ്ടാവുകയുമില്ല. മാത്രമല്ല എണ്‍പത് ഡിഗ്രിയിലധികം ചൂടുള്ള വെള്ളത്തിലിട്ടാല്‍ ഈ ബാഗുകള്‍ ഉരുകി ഇല്ലാതാവും. ഈ വെള്ളം കുടിച്ചാല്‍പ്പോലും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഇവര്‍ പറയുന്നു.
കോഴിക്കോട് ആസ്ഥാനമായ ബ്രീത്തിംഗ് എര്‍ത്ത് എന്ന സ്ഥാപനമാണ് കപ്പയുടേയും ചോളത്തിന്റേയും സ്റ്റാര്‍ച്ച് ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ ബാഗുകള്‍ പരിചയപ്പെടുത്തുന്നത്. മൂന്ന് രൂപയ്ക്ക് ഇവ വിപണിയിലെത്തിക്കാനാണ് ശ്രമം.