ചാവക്കാട്: ചാവക്കാട് സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും മൂന്നുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. 2011 ല്‍ സിപിഎം നേതാക്കളായ ചാവക്കാട് കണ്ടാണശ്ശേരിയിലെ കെജി പ്രമോദ്, വികെ ദാസന്‍ എന്നിവര്‍ക്കെതിരെയാണ് ആക്രമണം നടന്നത്.
പിഴസംഖ്യയില്‍ 35,000 രൂപ പ്രമോദിനും 15,000 രൂപ ദാസനും നല്‍കാനും കോടതി ഉത്തരവായി. കെജി പ്രമോദ് കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റാണ്. വികെ ദാസന്‍ പഞ്ചായത്ത് അംഗമാണ്. 13 പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നുപേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി നേരത്തെ വിട്ടയച്ചിരുന്നു. വിജീഷ് , തടത്തില്‍ പ്രനീഷ് , കുഴുപ്പുള്ളി ബിനോയ്, വടക്കത്ത് വിനോദ്, ചീരോത്ത് യദുനാഥ്, ചൂണ്ടുപുരയ്ക്കല്‍ സുധീര്‍ , വട്ടംപറമ്പില്‍ സന്തോഷ്, ഇരപ്പശ്ശേരി വിനീഷ് , കൊഴുക്കുള്ളി നിഖില്‍, ചൂണ്ടുപുരയ്ക്കല്‍ സുമോദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
ആക്രമണത്തില്‍ പ്രമോദിന്റെ തലയ്ക്ക് മാരകമായ പരിക്കേറ്റിരുന്നു. താടിയെല്ലും കാല്‍മുട്ടുകളും തകര്‍ന്നു. ദാസന് കാലുകളിലും കൈകളിലും വെട്ടേറ്റു. കേസില്‍ പുനരന്വേഷണം നടത്തണമെന്നുമുള്ള, പരിക്കേറ്റവരുടെ പരാതി അംഗീകരിച്ച കോടതി കേസ് വീണ്ടും അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത്തിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം നടത്തി 2015 ഏപ്രില്‍ 13-ന് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.