കൊച്ചി: എറണാകുളം ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുടുങ്ങി കൊച്ചിയിലെ നിരവധി സ്വകാര്യ ബസുകള്‍. വാതിലുകള്‍ തുറന്നിട്ട് ഓടിയ ബസിലെ മുഴുവന്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. കാക്കനാട്, തൃപ്പൂണിത്തുറ, ആലുവ, കളമശ്ശേരി, അങ്കമാലി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 21 ഡ്രൈവര്‍മാരുടെയും 16 കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
മഫ്തിയിലായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. വാതില്‍ കെട്ടിവച്ച് സര്‍വീസ് നടത്തിയതിനാണ് കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവര്‍ നിയന്ത്രിക്കുന്ന ന്യുമാറ്റിക് ഡോര്‍ തുറന്നുവച്ച് ബസ് ഓടിച്ചതിനാണ് ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. പിടികൂടിയ ബസുകളിലെ യാത്രക്കാരെ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ച ശേഷം ബസ് കസ്റ്റഡിയിലെടുത്ത് കളക്ടറേറ്റിലെത്തിച്ചു.
തുടര്‍ന്ന് ബസ് ജീവനക്കാരെ ഹിയറിങ് നടത്തിയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. പരിശോധനയില്‍ കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്ത നിരവധി ജീവനക്കാരെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബസുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.