ഇടുക്കി: പലതരം മോഷ്ടാക്കളുണ്ടെങ്കിലും പ്രകൃതി സ്നേഹികളായ മോഷ്ടാക്കളുമുണ്ട്. കഴിഞ്ഞ ദിവസം ഇടുക്കി ഹൈറേഞ്ചിലെ രാജാക്കാട് പനയ്ക്കത്തൊട്ടിയില്‍ സ്പൈസസ് പാര്‍ക്കിലെത്തിയ മോഷണസംഘം പണവും വസ്തുക്കളുമൊന്നുമല്ല കവര്‍ന്നത്, മറിച്ച് വിലകൂടിയ പൂച്ചെടികളാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ സംഘം ആയിരക്കണക്കിന് രൂപ വിലമതിയ്ക്കുന്ന ചെടികളാണ് അപഹരിച്ചത്.
ചെടിയാണെങ്കിലും മോഷണം, മോഷണം തന്നെയാണ്. അതുകൊണ്ട് പ്രഫഷണല്‍ മോഷ്ടാക്കളുടെ എല്ലാ മുന്‍കരുതലുകളും എടുത്ത് രാത്രിയുടെ മറവിലാണ് ഇവര്‍ എത്തുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ രാത്രികാല കാവല്‍ ഇല്ലാത്തതിനാല്‍ സിസിടിവി നിരീക്ഷണം ഉറപ്പാണ്. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാത്ത വിധത്തില്‍ മുഖം മറച്ചാണ് അകത്തുകടക്കുക.
പിന്നെ തങ്ങള്‍ക്കാവശ്യമുള്ള വിലകൂടിയ ചെടികള്‍ തപ്പിയെടുത്ത് കടക്കും. ഒരുവിധത്തിലുമുള്ള നാശ നഷ്ടവും വരുത്താതെ തികച്ചും പ്രകൃതിയോടിണങ്ങിയ മോഷണം. കഴിഞ്ഞ ദിവസം രാജാക്കാട് പ്രവര്‍ത്തിക്കുന്ന പനക്കത്തൊട്ടിയില് സ്പൈസസ് ഗാഡനില്‍ രാത്രിയിലെത്തിയ മോഷ്ടാകള്‍ ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ കുടുങ്ങിയെങ്കിലും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇപ്പോഴും അജ്ഞാതരാണ്.
പതിനയ്യായിരത്തിലധികം വിലവരുന്ന ചെടികളാണ് ഇവിടെ നിന്നും ഇവര്‍ മോഷ്ടിച്ചത്. സ്ഥാപനമുടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാജാക്കാട് പോലീസെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രകൃതി സ്നേഹികളായ മോഷ്ടാക്കളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Discussion about this post