കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാന്‍ ശ്രമിച്ച രഹ്നാ ഫാത്തിമയ്ക്ക് വീണ്ടും തിരിച്ചടി. ശബരിമല സന്ദര്‍ശനം വലിയ വിവാദം ആയപ്പോള്‍ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയ്ക്കെതിരെ സ്ഥാപനം നടപടി എടുത്തിരുന്നു. ആ നടപടിയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ വീണ്ടും അവര്‍ പോസ്റ്റിട്ടു. ആ സാഹചര്യത്തിലാണ് പുതിയ നടപടി.
ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതാ ജക്കാലയ്ക്കൊപ്പം നടപന്തല്‍ വരെ എത്താന്‍ രഹ്നയ്ക്ക് കഴിഞ്ഞിരുന്നു. കനത്ത പോലീസ് സുരക്ഷയിലായിരുന്നു ഇരുവരും നടപന്തല്‍ വരെ എത്തിയത്. എന്നാല്‍ വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കും മുന്നോട്ടു പോവാന്‍ സാധിച്ചിരുന്നില്ല. ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്കാന് തയ്യാറല്ലെന്ന് മന്ത്രി കൂടി നിലപാട് എടുത്തതോടെ ഇരുവര്‍ക്കും തിരിച്ചു പോരേണ്ടി വരികയായിരുന്നു.
മതവികാരം വ്രണപ്പെടുത്തി എന്നപരാതിയില്‍ രഹ്നയ്ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് രഹ്നയ്ക്കെതിരെ ബിഎസ്എന്‍ല്‍ ആദ്യം നടപടിയെടുത്തത്. എന്നാല്‍ ഈ നടപടിയോട് പരിഹാസപൂര്‍ണ്ണമായിട്ടായിരുന്നു രഹ്നാ പ്രതികരിച്ചത്. താന്‍ 5 വര്‍ഷം മുമ്പ് വീടിനടുത്തേക്ക് ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം എന്നായിരുന്നു യുവതിയുടെ പ്രതികരണം.
ഫേസ്ബുക്കിലെ ഈ കുറിപ്പ് വന്നതിന് പിന്നാലെയാണ് രഹ്നയ്ക്കെതിരെ ബിഎസ്എന്‍എല്‍ വീണ്ടും നടപടി എടുത്തിരിക്കുന്നത്. ഇത്തവണ രവിപുരം ബ്രാഞ്ചില്‍ നിന്ന് പലാരിവട്ടത്തേക്കാണ് രഹ്നയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ രഹ്നയ്ക്കെതിരെ ബിഎസ്എന്‍എല്‍ ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്. നേരത്തെ രഹ്നയ്ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്ലിന്റെ ഫേസ്ബുക്ക് പേജുകളില്‍ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപക പ്രചരണം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ ഒരു വിശദീകരണ കുറിപ്പും പുറത്തിറക്കി. ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ കൈക്കൊള്ളും എന്നായിരുന്നു വിശദീകരണം.
Discussion about this post